News - 2025

കേരള കത്തോലിക്കാസഭ 2018 യുവജന വര്‍ഷമായി ആചരിക്കും

സ്വന്തം ലേഖകന്‍ 31-12-2017 - Sunday

തിരുവനന്തപുരം: കേരള കത്തോലിക്കാസഭ 2018 യുവജനവര്‍ഷമായി ആചരിക്കുമെന്നു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ കെസിവൈഎം രൂപീകരിച്ചതിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റൂബി ജൂബിലി യൂത്ത് അസംബ്ലിയിലാണ് ആര്‍ച്ച്ബിഷപ് യുവജനവര്‍ഷാചരണം പ്രഖ്യാപിച്ചത്. നേരത്തെ 2018 യുവജനവര്‍ഷമായി മാനന്തവാടി രൂപത പ്രഖ്യാപിച്ചിരിന്നു.

ദൈവസാന്നിധ്യത്തിലൂടെ നമ്മുടെ ജീവിത സാഹചര്യം സ്വര്‍ഗീയമാക്കി മാറ്റാനാകുമെന്നും സത്പ്രവൃത്തികളിലൂടെ ജീവിതം ശോഭനമാക്കാമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ യേശുവിന്റെ കരുണകൊണ്ട് അതിജീവിക്കണമെന്നു കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാനും ബത്തേരി ബിഷപ്പുമായ ഡോ.ജോസഫ് മാര്‍ തോമസ് പറഞ്ഞു. ക്രിസ്തു പകര്‍ന്നു നല്‍കിയ ആദര്‍ശങ്ങളെയും മൂല്യങ്ങളെയും മുറുകെപ്പിടിച്ച് യുവജന പ്രസ്ഥാനം ആദര്‍ശാധിഷ്ഠിതവും വിശ്വാസത്തില്‍ ഉറപ്പിച്ചതുമായ കൂട്ടായ്മ രൂപപ്പെടുത്തണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് പറഞ്ഞു.

കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിച്ചു. സിഎല്‍സി ജനറല്‍ സെക്രട്ടറി ശോഭി.കെ. പോള്‍, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സുമം എസ്ഡി, ഐക്കഫ് ഡയറക്ടര്‍ ഫാ. ബാബുപോള്‍, ഐസിവൈഎം പ്രസിഡന്റ് സിജോ അന്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍ ഒഐസി ആമുഖപ്രഭാഷണം നടത്തി.കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര സ്വാഗതവും സംസ്ഥാന സെക്രട്ടറി ജിഫിന്‍സാം നന്ദിയും പറഞ്ഞു.

More Archives >>

Page 1 of 267