News

അഭയാർത്ഥിയായിരിന്ന തന്‍ഹ് തായ് ഇനി ഓറഞ്ച് രൂപതയെ നയിക്കും

സ്വന്തം ലേഖകന്‍ 02-01-2018 - Tuesday

കാലിഫോര്‍ണിയ: വിയറ്റ്നാമിൽ നിന്നും അഭയാർത്ഥിയായി അമേരിക്കയിലെത്തിയ തന്‍ഹ് തായ് ങ്കുയെന്‍ ഇനി കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപതയെ നയിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിയറ്റ്നാം യുദ്ധത്തിന്റെ കെടുതികള്‍ രൂക്ഷമായതിനെ തുടർന്ന് തന്‍ഹ് തായ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതനായി തീരുകയായിരിന്നു. 18ദിവസത്തോളം ഭക്ഷണവും വെള്ളവും ഇല്ലാതെ ബോട്ടില്‍ കഴിയേണ്ടി വന്ന അദ്ദേഹം ഏറെ സഹനങ്ങളിലൂടെയാണ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്.

പിന്നീട് തന്റെ ദൈവ വിളിയുടെ അന്തസത്ത മനസ്സിലാക്കി പൗരോഹിത്യ പഠനം അമേരിക്കയില്‍ തുടരുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു, നേരത്തെ വിയറ്റ്നാമിൽ നിന്ന്‍ പലായനം ചെയ്യുന്നതിന് മുന്നേ അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നിരിന്നു. ഉന്നത വിദ്യാഭ്യാസവും സെമിനാരി പഠനവും പൂർത്തിയാക്കിയ അദ്ദേഹം 1991 ൽ വൈദികനായി അഭിഷിക്തനായി. തിരുപട്ടം സ്വീകരിച്ചതിന് ശേഷം ജോർജിയയും ഫ്ലോറിഡയും അടക്കമുള്ള സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുവാനായിരിന്നു നിയോഗം.

26 വര്‍ഷത്തെ വൈദിക ജീവിതത്തിനു ഒടുവില്‍ കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപതയുടെ സഹായമെത്രാനായി തന്‍ഹ് തായെ ഫ്രാന്‍സിസ് പാപ്പ നിയമിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 17നു കാലിഫോർണിയയിലെ സെന്‍റ്. കൊളമ്പൻ ദേവാലയത്തിൽ വച്ച് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നു. ഡിസംബർ ആറിന് അന്തരിച്ച ബിഷപ്പ് ഡൊമിനിക്ക് എം.ലോങ്ങിന്റെ പിൻഗാമിയായിട്ടാണ് ബിഷപ്പ് തന്‍ഹ് തായ് സ്ഥാനാരോഹണം ചെയ്യപ്പെട്ടിരിക്കുന്നത്.

അന്തരിച്ച ബിഷപ്പും വിയറ്റ്നാമില്‍ നിന്നുള്ള വ്യക്തിയായിരിന്നു. ഒരേ രാജ്യത്ത് നിന്നും അഭയാർത്ഥികളായി വന്ന് ഒരേ രൂപതയുടെ ദൗത്യം ലഭിച്ച രണ്ടു ബിഷപ്പുമാരുടേയും വിളി ദൈവിക പദ്ധതിയാണെന്ന് ഓറഞ്ച് രൂപത അധ്യക്ഷൻ ബിഷപ്പ് കെവിൻ വാൻ പറഞ്ഞു. അഭയാർത്ഥികളുടെ പ്രശ്നങ്ങളോട് അധികാരികൾ മുഖം തിരിക്കരുതെന്ന് ബിഷപ്പ് തായ് ങ്കുയെന്‍ അഭ്യർത്ഥിച്ചു.

പോലീസ് മേധാവികളുടെ സഹകരണവും കുടിയേറ്റക്കാർക്ക് ആവശ്യമാണ്. പുതിയ ഭാഷയും സംസ്കാരവും മനസ്സിലാക്കാൻ അവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓറഞ്ച് രൂപതയിലെ വിശ്വാസികളിൽ ഭൂരിഭാഗവും വിയറ്റ്നാമിൽ നിന്നും കുടിയേറി താമസിക്കുന്നവരാണ്. അതിനാല്‍ തന്നെ ബിഷപ്പ് തന്‍ഹ് തായ് ങ്കുയെനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വം തന്നെയാണുള്ളത്.

More Archives >>

Page 1 of 268