News - 2025

ഭാരതത്തില്‍ മതപീഡനം രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം

സ്വന്തം ലേഖകന്‍ 01-01-2018 - Monday

ലണ്ടന്‍: 2018-ല്‍ ഭാരതത്തില്‍ മതപീഡനം രൂക്ഷമാകുമെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലീസ് ഇന്‍റര്‍നാഷ്ണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഹൈന്ദവ വലതുപക്ഷ പാര്‍ട്ടിയായ ബി‌ജെ‌പി അധികാരത്തിലേറിയതോടെ പീഡന നിരക്ക് രാജ്യത്തു ക്രമാതീതമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ 441 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവും മതപീഡനം രൂക്ഷമാകുക കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലായിരിക്കും. രാജ്യത്തെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 2018 അതികഠിനമായിരിക്കുമെന്നാണ് 'പെര്‍സിക്യൂഷന്‍ ട്രെന്‍ഡ്‌സ് 2018' എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം.

ഭാരതം, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളെയാണ് മതപീഡനം രൂക്ഷമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ ചൈനയിലെ വിവിധ പ്രവിശ്യകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കനത്ത വിലക്കുകളാണ് നിലനില്‍ക്കുന്നതെന്നും കര്‍ശനനിയമങ്ങള്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ഉപയോഗിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞമാസം, സെൻജിയാങ്ങ്, ജിയാങ്ങ്സി പ്രവിശ്യകളിലെ ദേവാലയത്തിന് സമീപം സ്ഥാപിച്ചിരുന്ന കുരിശും മൂന്ന് ലക്ഷത്തോളം കത്തോലിക്കർ താമസിക്കുന്ന ഹെനാൻ പ്രവിശ്യാ ദേവാലയത്തിലെ കുരിശും അധികൃതർ തകർത്തിരുന്നു.

നൈജീരിയായില്‍ ഇസ്ളാമിക സംഘടനയായ ഫുലാനി ഹെര്‍ഡ്‌സ്മാനാണ് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. രാജ്യത്തെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമങ്ങള്‍ക്ക് നേരെയാണ് ഫുലാനികള്‍ ആക്രമണം നടത്തുന്നത്. ഇറാനില്‍ മുസ്ലിം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതു രാജ്യത്തും പീഡനം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ട് അനുമാനിക്കുന്നു. വിയറ്റ്‌നാം, ഈജിപ്ത് എന്നിവിടങ്ങളിലും ക്രൈസ്തവമതപീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

More Archives >>

Page 1 of 267