News
ജീവന്റെ മഹത്വത്തെ വീണ്ടും വാഴ്ത്തിപ്പാടാന്‍ അമേരിക്ക ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 03-01-2018 - Wednesday
വാഷിംഗ്ടണ്‍ ഡി സി: ഗർഭഛിദ്രത്തിനെതിരെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന പ്രോലൈഫ് റാലികളിലൊന്നായ ‘മാർച്ച് ഫോർ ലൈഫ്’നായി അമേരിക്ക ഒരുങ്ങുന്നു. ജനുവരി 18-ന് ആണ് ലക്ഷകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒന്നിച്ചു കൂടുന്ന റാലി നടക്കുക. 1997 മുതൽ ക്രിസ്ത്യൻ ഗാനരംഗത്ത് സജീവമായ ടിഫാനി അര്‍ബക്കിള്‍ ലീ അഥവാ പ്ലമ്പ് എന്ന ഗായികയുടെ സംഗീതനിശയോടെയാണ് 45-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലി നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് റാലിയും തുടര്‍ന്നു ഒരു മണിക്ക് സുപ്രീം കോടതിയിലേക്കും ക്യാപ്പിറ്റോൾ ബിൽഡിങ്ങിലേക്കും മാർച്ചും നടക്കും.
മൂന്ന് മണിക്ക് മാർച്ച് പൂർത്തിയാകുന്നതോടെ ആളുകൾ സുപ്രീം കോടതിക്ക് സമീപം തമ്പടിക്കും. അതിനുശേഷം മാർച്ച് ഫോർ ലൈഫ് പ്രവർത്തകർ തങ്ങളുടെ സെനറ്റർമാരുമായി ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കും. തുടർന്ന് മാർച്ച് ഫോർ ലൈഫ് ഒരുക്കിയിരിക്കുന്ന പ്രദർശനം കാണാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും. കഴിഞ്ഞ വര്‍ഷം റാലിയെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് സംബോധന ചെയ്തു സംസാരിച്ചിരിന്നു. ഇത്തവണയും പ്രോലൈഫ് പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ സാന്നിധ്യം സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
മാര്‍ച്ച് ഫോര്‍ എഡ്യുക്കേഷന്റേയും, ഡിഫെന്‍സ് ഫണ്ടിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വാഷിംഗ്ടന്‍ ഡി.സി. യില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’. മുന്‍വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഇത്തവണത്തെ റാലിയിലും തുടർന്നുള്ള വിശുദ്ധ കർമ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവർക്ക് സമ്പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് വാഷിംഗ്ടൻ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ഡൊണാൾഡ് വൂയേളും അർലിംഗ്ടൺ ബിഷപ്പ് മൈക്കേൽ ബുർബിഡ്ജും പ്രഖ്യാപിച്ചിട്ടുണ്ട്.
നന്നായി കുമ്പസാരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും, പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, തങ്ങളുടെ രോഗവും കഷ്ടതകളും ദൈവത്തിനു സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണെങ്കില്‍ പ്രായാധിക്യവും മാരകമായ രോഗവും കാരണം റാലിയില്‍ സംബന്ധിക്കുവാന്‍ കഴിയാത്തവര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്നും ബിഷപ്പുമാര്‍ പ്രഖ്യാപിച്ചു. 1974 ജനുവരി 22-നായിരുന്നു ആദ്യമായി 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലി അമേരിക്കയില്‍ സംഘടിപ്പിച്ചത്. വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് ഇതില്‍ സംബന്ധിക്കുന്നത്.
പ്രോലൈഫ് സമീപനം വെച്ചു പുലര്‍ത്തുന്ന ഭരണമാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ കാഴ്ചവെക്കുന്നത്. താന്‍ അധികാരത്തില്‍ എത്തിയാല്‍ ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന ന്യായാധിപന്‍മാരെ കോടതികളില്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഭരണം ലഭിച്ച ഉടനെ അദ്ദേഹം, ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെ യുഎസ് സുപ്രീം കോടതി ജസ്റ്റീസായി നിയമിച്ചു. അധികം വൈകാതെ തന്നെ ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യുഎന്‍ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായവും ഭരണകൂടം നിര്‍ത്തലാക്കിയിരിന്നു.