News - 2025

വിവാഹത്തെക്കുറിച്ചുള്ള തിരുസഭയുടെ പാരമ്പര്യം സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് ഖസാഖിസ്ഥാനി മെത്രാന്മാര്‍

സ്വന്തം ലേഖകന്‍ 03-01-2018 - Wednesday

കിര്‍ഗിസ്ഥാന്‍: നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഭാപ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കാത്ത പുനര്‍വിവാഹിതരായ കത്തോലിക്കാ ദമ്പതികളും, വിവാഹ മോചിതരും ദിവ്യകാരുണ്യ സ്വീകരണത്തിന് അര്‍ഹരല്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് ഖസാഖിസ്ഥാനിലെ മെത്രാന്‍മാര്‍. ഡിസംബര്‍ 31 ഞായറാഴ്ച പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് മൂന്നു ബിഷപ്പുമാര്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹികലേഖനമായ അമോരിസ് ലെത്തീസ്യ പുറത്തുവന്നതിന് ശേഷം ചില മെത്രാന്‍മാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വെളിച്ചത്തിലാണ് ബിഷപ്പുമാരുടെ പ്രസ്താവന.

അസ്താനയിലെ മരിയ സാന്തിസ്സിമായിലെ ആര്‍ച്ച് ബിഷപ്പ് ടോമഷ്‌ പെട്ടാ, രൂപതയുടെ സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍, കരഗന്ധ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ജാന്‍ പാവെല്‍ ലെങ്ങാ എന്നിവരാണ് സംയുക്തമായി പ്രസ്താവന ഇറക്കിയത്. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹിക ലേഖനം പുറത്തുവന്നതിന് ശേഷം മാള്‍ട്ട, സിസിലി തുടങ്ങിയ രാജ്യങ്ങളിലെ ചില മെത്രാന്മാര്‍ വിവാഹമോചനം നേടിയവരും പുനര്‍ വിവാഹിതരും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് അര്‍ഹരാണെന്ന നിലപാട് കൈകൊണ്ടിരുന്നു.

ഈ മെത്രാന്‍മാരുടെ നിലപാടുകള്‍ക്ക് സഭയിലെ തന്നെ ചിലരുടെ പിന്തുണയും ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മെത്രാന്‍മാരുടെ പ്രസ്താവന. മെത്രാന്‍മാരുടെ സഭാപാരമ്പര്യത്തിന് യോജിക്കാത്ത നിലപാടുകള്‍ വിശ്വാസ സമൂഹത്തിലും, വൈദികര്‍ക്കിടയിലും ആശയകുഴപ്പത്തിന് കാരണമായിരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. വിവാഹ മോചിതരേയും പുനര്‍വിവാഹിതരേയും ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിക്കുന്നത് വിവാഹമോചനത്തിന് അംഗീകാരം നല്‍കുന്നതിനു തുല്യമാണെന്നും പ്രസ്താവനയിലുണ്ട്.

പുനര്‍വിവാഹിതര്‍ക്കും വിവാഹമോചിതര്‍ക്കും ദിവ്യകാരുണ്യ സ്വീകരണം സാധ്യമാക്കുന്നതിന് കാലകാലങ്ങളായി സഭ നിഷ്കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചും മെത്രാന്‍മാര്‍ പരാമര്‍ശിക്കുന്നുണ്ട്. വിവാഹബന്ധത്തിന്റെ പവിത്രതക്കും സഭാനിലപാടിനും വേണ്ടി ജീവന്‍ ബലികഴിച്ച വിശുദ്ധന്‍മാരായ സ്നാപക യോഹന്നാന്‍, ജോണ്‍ ഫിഷര്‍, തോമസ്‌ മൂര്‍ എന്നിവരുടേയും വാഴ്ത്തപ്പെട്ട ലോറ വിക്കൂനയുടേയും ഉദാഹരണങ്ങളും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഒരുവര്‍ഷം മുന്‍പ് വിവാഹ ബന്ധത്തിന്റെ പവിത്രതയുടെ കാര്യത്തില്‍ തിരുസഭ പാരമ്പര്യമായി കൈകൊണ്ടുവരുന്ന നിലപാടുകള്‍ സംരക്ഷിക്കുവാന്‍ മാര്‍പാപ്പായ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ആവശ്യപ്പെട്ട് ഈ മൂന്നു ബിഷപ്പുമാര്‍ വിശ്വാസസമൂഹത്തിന് കത്ത് അയച്ചിരിന്നു.

More Archives >>

Page 1 of 268