News - 2025

റഷ്യയില്‍ മുപ്പത് വര്‍ഷത്തിനിടെ തുറന്നത് മുപ്പതിനായിരത്തോളം ദേവാലയങ്ങള്‍

സ്വന്തം ലേഖകന്‍ 03-01-2018 - Wednesday

മോസ്ക്കോ: കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലായി റഷ്യയില്‍ ആരംഭിച്ചത് മുപ്പതിനായിരം ദേവാലയങ്ങൾ. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 80,000 ദേവാലയങ്ങള്‍ റഷ്യയില്‍ വിശ്വാസികള്‍ക്ക് തുറന്ന്‍ കൊടുക്കുമെന്നാണ് വിലയിരുത്തല്‍. വിശ്വാസികളുടെ സാമ്പത്തിക സഹായവും അദ്ധ്വാനവും വഴി പണികഴിപ്പിച്ചവയാണ് ഓരോ ദേവാലയങ്ങളെന്നും പണി കഴിപ്പിച്ച ദേവാലയങ്ങൾ പുരാതന സ്മാരകങ്ങളായി സംരക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ മെട്രോപ്പോളീറ്റന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് പറഞ്ഞു.

1988- ൽ മൂന്ന് ദേവാലയത്തില്‍ നിന്ന്‍ ആരംഭിച്ചത് ഇന്ന് നാല്പതിനായിരത്തോളം ആരാധനാലയങ്ങളിലേക്ക് വളര്‍ന്നു. 1917ൽ നടന്ന റഷ്യയിലെ ബോള്‍ഷേവിക് വിപ്ലവത്തിന്റെ തുടർന്ന് അടച്ച ദേവാലയങ്ങള്‍ എല്ലാം പ്രവര്‍ത്തനനിരതമാകുവാന്‍ 2050 വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരത്തിയഞ്ഞൂറ് ആശ്രമങ്ങളിൽ നിലനിന്നിരുന്ന സോവിയറ്റ് റഷ്യയിൽ ഇപ്പോൾ ആയിരത്തിനടുത്ത് ആശ്രമങ്ങളാണ് പ്രവർത്തിക്കുന്നത്.

1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്‍മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ ശ്രമം ആരംഭിച്ചത്. റഷ്യന്‍ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന വ്ലാഡിമിര്‍ ലെനിന്‍ തീര്‍ത്തും ക്രിസ്തുമത വിരോധിയായിരുന്നു. സ്വര്‍ഗ്ഗീയരാജ്യമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന സാര്‍ ചക്രവര്‍ത്തിമാരുടെ പ്രതിനിധികളായിട്ടായിരുന്നു ക്രൈസ്തവ പുരോഹിതരെ ലെനിന്‍ കണ്ടിരുന്നത്. നൂറുകണക്കിനു വൈദികര്‍ അടക്കം അനേകം ക്രൈസ്തവരാണ് ഇക്കാലയളവില്‍ രക്തസാക്ഷിത്വം വരിച്ചത്.

എന്നാൽ 1991ൽ സോവിയറ്റ് യൂണിയൻ നേതൃത്വം പിൻമാറിയതിനെ തുടർന്ന് ഓർത്തഡോക്സ് സഭ ശക്തി പ്രാപിക്കുകയായിരുന്നു. പീഡനങ്ങളാല്‍ ശക്തി പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നു റഷ്യ. റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിന്റെ പരസ്യ പിന്തുണയും പങ്കാളിത്തവും റഷ്യൻ സഭയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്ന റിപ്പോര്‍ട്ട് വന്നിരിന്നു. സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് റഷ്യ കുറിച്ചിരിക്കുന്നത്.

More Archives >>

Page 1 of 268