News

യേശുവിനെ നിന്ദിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 03-01-2018 - Wednesday

ഒട്ടാവ: യേശുവിനെ നിന്ദിക്കുന്ന തരത്തിലുള്ള ചിത്രമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ചിത്രം വിവാദത്തില്‍. ജസ്റ്റിന്‍ ട്രൂഡോയും അദ്ദേഹത്തിന്റെ സഹോദരന്‍ അലക്സാണ്ട്രെയും ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ‘ദി ലാസ്റ്റ് സപ്പര്‍’ എന്ന പ്രശസ്ത ചിത്രത്തിലെ യേശുവിന്റേയും ശിഷ്യന്‍മാരുടേയും മുഖങ്ങള്‍ക്ക് പകരം ജന്മദിന തൊപ്പിയണിഞ്ഞ മഞ്ഞ നിറത്തിലുള്ള ഇമോജികള്‍ പ്രിന്റ്‌ ചെയ്ത സ്വെറ്റര്‍ ധരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സ്വെറ്ററിന്‍മേല്‍ ‘ഹാപ്പി ബെര്‍ത്ത്ഡേ’ എന്ന എഴുത്തുമുണ്ട്.

കനേഡിയന്‍ പാര്‍ലമെന്‍റ് അംഗവും മാണിടോബാ പ്രവിശ്യയിലെ പോര്‍ട്ടേജ്-ലിസ്ഗാര്‍ ജില്ലയുടെ പ്രതിനിധിയുമായ കാന്‍ഡിസ് ബെര്‍ജെനാണ് ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. യേശുവിന്‍റെയും ശിഷ്യന്‍മാരുടേയും ചിത്രങ്ങളില്‍ കാര്‍ട്ടൂണ്‍ മുഖങ്ങള്‍ പ്രിന്റ്‌ ചെയ്തു എന്തിനാണ് ക്രിസ്ത്യാനികളെ അപമാനിച്ചതെന്ന ചോദ്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാന്‍ഡിസ് ബെര്‍ജെന്‍ ചോദിച്ചു. പാശ്ചാത്യ ലോകത്തെ ജസ്റ്റിനെപ്പോലെയുള്ള നേതാക്കള്‍ ക്രൈസ്തവരെ കളിയാക്കുന്നതിന് പകരം ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്ന അഭിപ്രായമുള്ളവര്‍ തന്റെ പോസ്റ്റ്‌ പങ്കുവെക്കണമെന്നും കാന്‍ഡിസ് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

ക്രിസ്തുമസ് ദിനത്തില്‍ തന്നെയാണ് ജസ്റ്റിന്റേയും അദ്ദേഹത്തിന്റെ സഹോദരന്‍ അലക്സാണ്ട്രെയുടേയും ജന്മദിനം. ഷെല്‍ഫീസ്‌ ഇന്‍കോര്‍പ്പറേഷന്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന സ്വെറ്ററാണ് ‘ഹാപ്പി ബെര്‍ത്ത്‌ഡേ ജീസസ് സ്വെറ്റര്‍’. ഇതിനുമുന്‍പും യേശുവിന്റെ പല പ്രതീകങ്ങളും അവര്‍ തങ്ങളുടെ കച്ചവടത്തിന്റെ വിജയത്തിനായി ഉപയോഗിച്ചിട്ടുണ്ട്. തങ്ങളുടെ ഉല്‍പ്പന്നം ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നില്‍ക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് കമ്പനി പ്രസ്തുത ഫോട്ടോ തങ്ങളുടെ വെബ് പേജില്‍ പ്രസിദ്ധീകരിച്ചത്. അടുത്ത ക്രിസ്തുമസില്‍ നിങ്ങളും ഷെല്‍ഫീസ്‌ ധരിക്കുവിന്‍ എന്ന ആഹ്വാനവും കമ്പനിയുടെ വെബ്പേജില്‍ ഉണ്ട്.

അതേസമയം ഈ ചിത്രം അമേരിക്കന്‍ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ റെഡ്ഢിറ്റില്‍ ഒരു വര്‍ഷം മുന്‍പ് പ്രത്യക്ഷപ്പെട്ട ചിത്രമാണെന്നും പറയപ്പെടുന്നു. ഭ്രൂണഹത്യ, ഗര്‍ഭനിരോധനം തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാസഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ജന്മംകൊണ്ട് കത്തോലിക്കനായ ജസ്റ്റിന്‍ ട്രൂഡോ പലപ്പോഴും കൈകൊണ്ടിട്ടുള്ളത്‌. അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ട അദ്ദേഹം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാന്‍ കോടികളാണ് സംഭാവന ചെയ്തത്.

ജസ്റ്റിന്‍ ട്രൂഡോയുടെ പ്രവര്‍ത്തിയെ അപലപിച്ച് രംഗത്തെത്തിയ കണ്‍സര്‍വേറ്റീവ് അംഗമായ കാന്‍ഡിസ് ബെര്‍ജെന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിരവധി തവണ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കാനഡയുടെ ഹൗസ് ഓഫ് കോമണ്‍സില്‍ ലോകത്ത് ഏറ്റവുമധികം മതപീഡനത്തിനിരയായികൊണ്ടിരിക്കുന്നവര്‍ ക്രിസ്ത്യാനികളാണെന്ന പ്രഖ്യാപനം കാന്‍ഡിസ് നടത്തിയിരുന്നു. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ പാശ്ചാത്യലോകത്ത് ആരും തന്നെയില്ലായെന്നത് നിര്‍ഭാഗ്യകരമാണെന്നും കാന്‍ഡിസ് അന്ന് പറഞ്ഞു.

More Archives >>

Page 1 of 268