News

കെനിയന്‍ ജനതയുടെ പുരോഗതിയ്ക്കായി സമഗ്ര പദ്ധതിയുമായി കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 14-01-2018 - Sunday

നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ജനങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കത്തോലിക്ക സഭ പദ്ധതി തയാറാക്കി. മുന്നൂറ് മില്യൺ ഷില്ലിങ്ങിന്റെ പദ്ധതിയാണ് സഭ ആവിഷ്കരിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുക, കെട്ടിട നിർമ്മാണം- താമസ സൗകര്യം എന്നിവ വിദ്യാലയങ്ങളിലും ആശുപത്രികളിലും ക്രമീകരിക്കുക തുടങ്ങിയവയാണ് വിവിധ പദ്ധതികളിലൂടെ സഭ ലക്ഷ്യമിടുന്നത്.

അസോസിയേഷൻ ഓഫ് സിസ്റ്റർഹുഡ്സിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതിയ്ക്കാവശ്യമായ തുക സ്വരൂപിക്കുക. കഴിഞ്ഞ ദിവസം കരേനിൽ, കെമി കെമിയ ഉസിമ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന തുക സമാഹരണ യജ്ഞത്തിൽ നെയ്റോബി വനിതാ പ്രതിനിധി എസ്തേർ പസാരിസ് സഭയുടെ നീക്കത്തെ അഭിനന്ദിച്ചു.

സഭയുടെ ഇടപെടല്‍ ജനങ്ങളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും മികവുറ്റതാക്കും. സമൂഹത്തിന്റെ പുരോഗതിയ്ക്ക് സഭയുടെ സംഭാവന വളരെ വലുതാണ്. മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിതമായ ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രവർത്തനം സ്തുത്യർഹമാണെന്നും എസ്തേര്‍ പറഞ്ഞു. രാജ്യത്തെ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിക്കുമെന്നു ന്യാൻഡോറ ഗവർണറുടെ പത്നി ആൻ കിമെമിയ പറഞ്ഞു.

സൗജന്യ മെഡിക്കൽ പരിരക്ഷ നല്കി ആവശ്യക്കാരെ സഹായിച്ചിരുന്ന സ്ഥാപനങ്ങൾ സംഭാവനകളുടെ അഭാവം മൂലം പ്രവർത്തനങ്ങൾ അനിശ്ചിതത്തിൽ തുടരുകയാണെന്നും എളിയ സംഭാവനകളും പരിശ്രമങ്ങളും വഴി പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാനാകുമെന്നും ഫാ. ഡാർലിങ്ങ്ടൺ മുയമ്പേയും വ്യക്തമാക്കി. ഓരോ സംഘടനകളിൽ നിന്നും രണ്ട് മില്യൻ ഷില്ലിങ്ങ് സംഭാവന സ്വീകരിച്ച് സന്യസ്തർക്കും അല്മായർക്കും വിശ്വാസ പരിശീലനം നൽകാനും കെനിയന്‍ സഭയ്ക്ക് പദ്ധതിയുണ്ട്.

More Archives >>

Page 1 of 273