News - 2025
ഈജിപ്തില്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കൂടി തുറന്നു
സ്വന്തം ലേഖകന്‍ 19-01-2018 - Friday
കെയ്റോ: ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ ഷെയിഖ് അലാ ഗ്രാമത്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നു രണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ കൂടി തുറന്നു. അല്‍-അസ്രാ (കന്യകാ മാതാവ്) ദേവാലയവും, മാര്‍ ഗിര്‍ഗിസ് ദേവാലയവുമാണ് ആരാധനകള്‍ക്കായി തുറന്നു നല്‍കിയത്. 2015-ല്‍ പണി കഴിപ്പിച്ച ദേവാലയങ്ങള്‍ക്ക് ഈ മാസാരംഭത്തിലാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോപ്റ്റിക് ക്രൈസ്തവര്‍ പ്രാര്‍ത്ഥനയ്ക്കായി ഇതിലൊരു ദേവാലയത്തില്‍ പ്രവേശിച്ചെങ്കിലും മുസ്ലീം മൗലീകവാദികളില്‍ നിന്നുമുള്ള എതിര്‍പ്പിനെ തുടര്‍ന്നു ദേവാലയം അടച്ചുപൂട്ടുകയായിരുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് കോപ്റ്റിക് ക്രൈസ്തവര്‍ രംഗത്തെത്തിയത്. ദേവാലയാങ്കണത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയ വിശ്വാസികള്‍ ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. ദേവാലയം നിയമപരമായി തുറക്കുന്നത് വരെ ദേവാലയാങ്കണത്തില്‍ ദിവസവും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടിരിന്നു. അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ നാലു ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നതായി മിന്യാ പ്രവിശ്യയിലെ ഓര്‍ത്തഡോക്സ് കോപ്റ്റിക് മെത്രാപ്പോലീത്ത പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കടമ നിറവേറ്റുമെന്ന പ്രതീക്ഷയില്‍ രണ്ടാഴ്ചയോളം തങ്ങള്‍ നിശബ്ദത പാലിച്ചു. തങ്ങളുടെ നിശബ്ദത ഉദ്യോഗസ്ഥര്‍ മുതലാക്കുകയായിരുന്നു. ഇക്കാലയളവില്‍ ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ അയല്‍ഗ്രാമങ്ങളിലെ ദേവാലയങ്ങളില്‍ പോയിട്ടായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നതെന്ന് കോപ്റ്റിക് ക്രൈസ്തവരുടെ കഷ്ടപ്പാടുകള്‍ വിശദീകരിച്ചുകൊണ്ട് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഏതാണ്ട് 2,600-ഓളം ദേവാലയങ്ങള്‍ക്കും, ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും 2017 സെപ്റ്റംബര്‍ മാസത്തോടെ ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ സര്‍ക്കാറിന് അപേക്ഷകള്‍ അയച്ചതായി മുഖ്യപുരോഹിതനായ ആന്റോണ്‍ വെളിപ്പെടുത്തി. പിന്നീട് വിശ്വാസികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന്‍ ഹൗസിംഗ് മിനിസ്ട്രി ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് വരെ ലൈസന്‍സില്ലാത്ത ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ ക്രിസ്ത്യാനികളെ അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടന്നിരിന്നു. ഈജിപ്തിലെ പത്തുകോടിയോളം വരുന്ന ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.