News - 2025

ഭ്രൂണഹത്യയ്ക്കെതിരായ പോരാട്ടത്തിൽ തിന്മയെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയണം: കർദ്ദിനാൾ ഡോളൻ

സ്വന്തം ലേഖകന്‍ 19-01-2018 - Friday

വാഷിംഗ്ടൺ: ഭ്രൂണഹത്യയ്ക്കെതിരായ പോരാട്ടത്തിൽ തിന്മ എന്ന യാഥാർത്ഥ്യവും പ്രാർത്ഥനയുടെ ആവശ്യകതയും തിരിച്ചറിയണമെന്ന് ന്യൂയോർക്ക് കർദ്ദിനാൾ തിമോത്തി ഡോളൻ. ഇന്നലെ മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി നടത്തിയ ജാഗരണ പ്രാർത്ഥനയെത്തുടർന്ന് നടന്ന ദിവ്യബലിയിൽ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ച 'അന്ധകാരത്തിന്റെ സംസ്ക്കാരം' നിലനിൽക്കുന്ന ലോകത്തിൽ നിന്നും വിടുതൽ പ്രാപിക്കണമെന്നും കർദ്ദിനാൾ, വാഷിംഗ്ടൺ വിമലഹൃദയം ബസിലിക്കയില്‍ നല്‍കിയ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ലോകത്തിൽ തിന്മയുടെ ശക്തി സൃഷ്ടികളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നു. എന്നാൽ തിന്മയെ അതിജീവിച്ച വഴിയും സത്യവും ജീവനുമായ യേശു ക്രിസ്തുവാണ് നമ്മുടെ നാഥനും രക്ഷകനും. ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ മാതൃക മഹനീയമാണ്. വർഗ്ഗീയ വേർതിരിവ്, യുദ്ധം, ദാരിദ്ര്യം തുടങ്ങി മനുഷ്യജീവന് ഭീഷണിയാകുന്നതൊന്നും അനുവദിക്കരുത്. പ്രോലൈഫ് പ്രവർത്തനങ്ങൾക്കു മാധ്യമങ്ങളിൽ നേരിടുന്ന വിമർശനങ്ങൾക്കും തെറ്റിധാരണകൾക്കും ഇടയിലും മാർച്ച് ഫോര്‍ ലൈഫിലേക്കുള്ള ജനപങ്കാളിത്തം പ്രതീക്ഷ നല്കുന്നു. സ്നേഹവും ആനന്ദവുമായ ദൈവത്തെപ്പോലെ ജീവന്റെ വക്താക്കളാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രോലൈഫ് പ്രവർത്തനങ്ങൾ രാജ്യത്തെ നിയമനിർമ്മാണത്തെ സ്വാധീനിക്കട്ടെയെന്നും കർദ്ദിനാൾ ഡോളൻ ആശംസിച്ചു. ഇന്നാണ് അമേരിക്കയിലെ ഏറ്റവും പ്രോലൈഫ് റാലിയായ മാര്‍ച്ച് ഫോര്‍ ലൈഫ് നടക്കുക. വൈറ്റ് ഹൌസിൽ നിന്നു ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിലൂടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവരോട് സംസാരിക്കും. ലക്ഷകണക്കിന് ആളുകള്‍ ഇന്നത്തെ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം അമേരിക്കയിലെ സഭാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

More Archives >>

Page 1 of 275