News - 2025

യേശുവിന്റെ വാത്സല്യം അജപാലകര്‍ക്കു ഉണ്ടാകുന്നതിന് പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 02-02-2018 - Friday

വത്തിക്കാന്‍ സിറ്റി: ജനക്കൂട്ടത്തോട് യേശു കാണിച്ച അടുപ്പവും വാത്സല്യവും അജപാലകര്‍ക്കുണ്ടായിരിക്കുന്നതിന് പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ജനുവരി 30 ചൊവ്വാഴ്ച വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അധികരിച്ചു ദിവ്യബലിയ്ക്കിടെ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പൗരോഹിത്യ, മെത്രാഭിഷേകങ്ങളില്‍ അജപാലകന്‍ തൈലാഭിഷേകം ചെയ്യപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ തൈലം ജനങ്ങളോടുള്ള അടുപ്പവും സ്നേഹ വാത്സല്യവുമായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ജനങ്ങളോട് സ്നേഹവാത്സല്യങ്ങളും അടുപ്പവുമുള്ള യേശുവിനെയാണ് ഇവിടെ സുവിശേഷത്തില്‍ നാം കാണുക. യേശു തന്‍റെ ശുശ്രൂഷ നിര്‍വഹിക്കുന്നതിനായി പ്രത്യേക ഓഫീസുകളൊന്നും തുറന്നില്ല. അവിടുന്ന്, തന്‍റെ സേവനം ലഭ്യമാകുന്ന സമയ വിവരപ്പട്ടിക ഓഫീസിനു മുമ്പില്‍ തൂക്കിയിട്ടില്ല. സേവനത്തിനുള്ള പ്രതിഫല തുകയോ, രോഗികള്‍ വരേണ്ട ദിവസമോ ഒന്നും എഴുതിയ പരസ്യബോര്‍ഡ് അവിടുന്ന് സ്ഥാപിച്ചില്ല. അവിടുന്ന് ജനങ്ങള്‍ക്കിടയിലായിരുന്നു. എങ്ങനെ ജനങ്ങളുടെ ഇടയിലായിരിക്കാം എന്നു തിരിച്ചറിയാത്ത ഇടയന്‍ എന്തോ കുറവുള്ളവനാണ്.

ഓരോരുത്തര്‍ക്കും അവരവരുടെ ഔദ്യോഗികരംഗങ്ങളില്‍ വൈദഗ്ധ്യമുണ്ടായിരിക്കാം. എന്നാല്‍, സ്നേഹവാത്സല്യങ്ങളുടെ അഭാവമുള്ള ഇടയന്‍ ആടുകളെ പ്രഹരിക്കുന്ന ഇടയനായിരിക്കും. പൗരോഹിത്യ, മെത്രാഭിഷേകങ്ങളില്‍ അജപാലകന്‍ തൈലാഭിഷേകം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ തൈലം, ആന്തരികമായ തൈലം-ജനങ്ങളോടുള്ള അടുപ്പവും, സ്നേഹവാത്സല്യവുമായിരിക്കണം. ജനങ്ങളോടുകൂടി നടക്കുവാനും, അവരുടെയിടയിലായിരിക്കുവാനും വേണ്ട കൃപ അജപാലകര്‍ക്കു ലഭിക്കുന്നതിനുവേണ്ടി ദിവ്യബലിയില്‍ പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനം ആവര്‍ത്തിച്ചുക്കൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിച്ചത്.

More Archives >>

Page 1 of 280