News - 2025

"രാഷ്ട്ര സേവനത്തില്‍ ക്രൈസ്തവ വിശ്വാസം എന്നെ ഒരുപാട് സഹായിച്ചു"; നിരീശ്വരവാദികളെ തള്ളി യു‌എസ് ഉന്നത ഉദ്യോഗസ്ഥന്‍

സ്വന്തം ലേഖകന്‍ 30-01-2018 - Tuesday

വാഷിംഗ്ടണ്‍: രാഷ്ട്രസേവനത്തില്‍ തന്റെ ക്രൈസ്തവ വിശ്വാസം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും, താന്‍ ആരുടേയും ഭീഷണിക്ക് വഴങ്ങുകയില്ലെന്നും അമേരിക്കയിലെ ഹൗസിംഗ് ആന്‍ഡ്‌ അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിയായ ബെന്‍ കാര്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അമേരിക്കന്‍ കാബിനറ്റ് സെക്രട്ടറിമാര്‍ ആഴ്ചതോറും നടത്തിവന്നിരുന്ന ബൈബിള്‍ ക്ലാസിനെതിരെ നിരീശ്വരവാദ സംഘടന കേസ് ഫയല്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. കാപ്പിറ്റോള്‍ മിനിസ്ട്രിയുടെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറുടെ നേതൃത്വത്തില്‍ നടക്കുന്ന ബൈബിള്‍ പഠന ക്ലാസ്സിന് പൊതുജനങ്ങളുടെ നികുതിപണമോ, സര്‍ക്കാര്‍ സ്റ്റാഫിന്റെ സേവനമോ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മതവിരുദ്ധവാദികളുടെ ഭീഷണിക്ക് വഴങ്ങി ഞാന്‍ എന്റെ ആത്മീയതയും മതവിശ്വാസവും ഉപേക്ഷിക്കുകയില്ല. ഞങ്ങള്‍ നികുതിദായകരുടെ ചിലവില്‍ തിന്നു കുടിച്ചു നടക്കുകയോ, സ്റ്റാഫിന്റെ ഇഷ്ടത്തിന് വിരുദ്ധമായി അവരെ ബൈബിള്‍ പഠിക്കുവാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നുവെന്നാണ് അവരുടെ പേടി. ബൈബിള്‍ ക്ലാസ്സിന് പൊതുജനങ്ങളുടെ നികുതിപണമോ, സര്‍ക്കാര്‍ സ്റ്റാഫിന്റെ സേവനമോ ഉപയോഗിച്ചിട്ടില്ല. രാഷ്ട്രത്തിന്റെ ആത്മീയതക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും കാര്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫ്രീഡം ഫ്രം റിലീജ്യണ്‍ ഫൗണ്ടേഷന്‍ (FFRF) എന്ന നിരീശ്വരവാദ സംഘടനയും, വാഷിംഗ്‌ടണിലെ സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ്‌ എത്തിക്സ് സംഘടനയുമാണ്‌ കാബിനറ്റിലെ ബൈബിള്‍ പഠന ക്ളാസ്സിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സാധാരണയായി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് (FOIA) പ്രകാരം വിവരങ്ങള്‍ നല്‍കുന്നതിന് ചിലവാകുന്ന തുക ഹൗസിംഗ് അര്‍ബന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫീസായി ഈടാക്കാറുണ്ട്. ഈ ഫീസ്‌ ഒഴിവാക്കി തരണമെന്ന അവരുടെ അപേക്ഷ നിരസിച്ചതാണ് കേസ് ഫയല്‍ ചെയ്യുവാനുള്ള കാരണമെന്ന്‍ കാര്‍സണ്‍ പറയുന്നു.

More Archives >>

Page 1 of 279