News - 2025
ചൈനയിലെ സഭയുമായി പ്രശ്നമില്ലെന്ന് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 01-02-2018 - Thursday
വത്തിക്കാന്‍ സിറ്റി: ചൈനയിലെ സഭയുടെ കാര്യത്തില്‍ വത്തിക്കാന്‍ വിവേചനം കാണിക്കുകയാണെന്ന ആരോപണത്തെ നിഷേധിച്ചുക്കൊണ്ട് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബെര്‍ക്ക് പ്രസ്താവനയിറക്കി. അടുത്തിടെ ഹോങ്കോങ്ങ് അതിരൂപതാദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ മാധ്യമങ്ങള്‍ക്ക് വ്യക്തിപരമായി എഴുതിയ കുറിപ്പിലാണ് മാര്‍പാപ്പയ്ക്കും വത്തിക്കാന്‍റെ മറ്റു ഓഫിസുകള്‍ക്കും ചൈനയിലെ സഭയോടുള്ള സമീപനത്തില്‍ വൈരുദ്ധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയിരിന്നത്. ഇതിനെ നിഷേധിച്ചുക്കൊണ്ടാണ് വത്തിക്കാന്റെ പ്രസ്താവന.
വത്തിക്കാനും ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും തമ്മില്‍ കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനു വിരുദ്ധമായ വാര്‍ത്തകള്‍ വ്യാജവും കെട്ടിച്ചമയ്ക്കപ്പെട്ടതുമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ചൈനയിലെ സഭയ്ക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള ബന്ധത്തില്‍ വത്തിക്കാന്‍റെ ഉദ്യോഗസ്ഥരുടെയും ഫ്രാന്‍സിസ് പാപ്പയുടെയും നിലപാടുകളില്‍ മാറ്റമില്ലായെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.