News

ഔഷ്വിറ്റ്സ് കൂട്ടക്കൊല; അനുസ്മരണ ബലിയില്‍ പങ്കുചേര്‍ന്ന് മുന്‍ തടവുപുള്ളികള്‍

സ്വന്തം ലേഖകന്‍ 02-02-2018 - Friday

വാർസോ: രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ സൈന്യം കൂട്ടക്കൊല നടത്തിയ ഔഷ്വിറ്റ്സ്– ബിർക്കന്യൂ നാസി കോൺസൻട്രേഷൻ ക്യാമ്പിനോട് ചേര്‍ന്ന ദേവാലയത്തില്‍ ജയിൽ മോചനത്തിന്റെ എഴുപത്തിമൂന്നാം വാർഷിക അനുസ്മരണവും പ്രാർത്ഥനാശുശ്രൂഷകളും നടന്നു. ജനുവരി 28ന് 'സെന്റർ ഫോർ ഡയലോഗ് ആൻറ് പ്രയർ' കേന്ദ്രത്തിൽ നടന്ന വിശുദ്ധ ബലി അര്‍പ്പണത്തില്‍ അറുപതോളം മുൻ നാസി തടവുകാരും ഹോളോകോസ്റ്റ് ദുരന്തം അതിജീവിച്ചവരും പരിപാടിയിൽ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.

നാസി ക്യാമ്പിൽ ക്രൂര മർദനങ്ങൾക്കിരയായവരെ അനുസ്മരിച്ച് സങ്കീർത്തനങ്ങൾ നാൽപത്തിരണ്ട് ചൊല്ലിക്കൊണ്ട് സമൂഹം മെഴുകുതിരികൾ തെളിയിച്ചു പ്രാര്‍ത്ഥിച്ചു. പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവീക്കി, ഡെപ്യൂട്ടി പ്രധാനമന്ത്രി ബിയറ്റ സിഡ്ലോ,അപ്പസ്തോലിക ന്യുൺഷോയും ആർച്ച് ബിഷപ്പുമായ സാൽവട്ടോർ പെനാക്കിയോ, ഇസ്രായേൽ അംബാസഡർ അന്ന അസാരി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പോളിഷ് മെത്രാൻ സമിതിയുടെ വക്താവ് ഫാ. പവൽ റയടൽ ആഡ്രിയിനിക് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ചരിത്ര സംഭവത്തെ നിശബ്ദത, പ്രാർത്ഥന, സാക്ഷ്യം എന്നിങ്ങനെ മൂന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാകുമെന്നും ഇന്നത്തെ കാലഘട്ടം ചരിത്രത്തേക്കാൾ സമാധാനപൂർണമാണെന്ന് മനസ്സിലാക്കണമെന്നും ഫാ. പവൽ പറഞ്ഞു. 1992-ല്‍ ക്രാക്കോ മെത്രാപ്പോലീത്തയായിരുന്ന കർദ്ദിനാൾ ഫ്രാൻസിസ്ക് മകരാസ്കിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാസി ക്യാമ്പിനോട് ചേർന്ന് സെന്റർ ഫോർ ഡയലോഗ് ആൻറ് പ്രയർ സ്ഥാപിച്ചത്.

More Archives >>

Page 1 of 280