News
"വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കണം"; പ്രചരണപരിപാടിക്ക് പോളണ്ടില്‍ വന്‍ പിന്തുണ
സ്വന്തം ലേഖകന്‍ 03-02-2018 - Saturday
ക്രാക്കോ: വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ പിന്തുടരുണമെന്നും വിവാഹബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പോളണ്ടിലെ വിശ്വാസികള്‍ പോളിഷ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന് അപേക്ഷ നല്‍കി. ഇതിനായി ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ക്കും പോളണ്ടിലെ അത്മായര്‍ തുടക്കം കുറിച്ചു. ഇതിനോടകം തന്നെ ഏതാണ്ട് 54,000-ത്തോളം പേര്‍ ഈ അപേക്ഷയെ പിന്തുണച്ചു കഴിഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ 'അമോരിസ് ലെത്തീസ്യ'യിലെ ഔദ്യോഗിക തര്‍ജ്ജമയെ പറ്റിയുള്ള ചര്‍ച്ചകള്‍ പോളണ്ടിലെ മെത്രാന്‍ സമിതിയില്‍ സജീവമാകുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ സമര്‍പ്പിച്ച അപേക്ഷക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ജര്‍മ്മനിയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളെ ഗ്രസിച്ചിരിക്കുന്ന മതവിരുദ്ധത പോളണ്ടിനെ കാര്‍ന്നു തിന്നാതിരിക്കുവാന്‍ ജാഗ്രത പാലിക്കണമെന്നു വിശ്വാസികളുടെ അപേക്ഷയില്‍ പറയുന്നു. 'ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെ അത്മായ സംഘടനയായ ‘പിയോട്ര്‍ സ്കാര്‍ഗാ ഇന്‍സ്റ്റിറ്റ്യൂട്ട്’ ആരംഭിച്ച പദ്ധതിയാണ് ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’. ‘അമോരിസ് ലെത്തീസ്യായിലെ ഏതാനും ഭാഗങ്ങളെ ചുവട് പിടിച്ചുകൊണ്ട് ജര്‍മ്മനിയില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹബന്ധങ്ങളിലെ അരാജകത്വം തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പടരുന്നത് തടയുക എന്ന ലക്ഷ്യവും ഈ പ്രചാരണ പരിപാടികളുടെ പിന്നിലുണ്ട്.
വിവാഹമോചിതര്‍ക്കും, സഭാപ്രബോധനങ്ങള്‍ക്കെതിരായി ജീവിക്കുന്ന പുനര്‍വിവാഹിതര്‍ക്കും ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ല എന്ന് പോളിഷ് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് അത്മായരുടെ അപേക്ഷ. വിഷയത്തെ അധികരിച്ചുള്ള ആദ്യത്തെ അത്മായ പ്രചാരണപരിപാടിയാണ് ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്ന് കത്തോലിക്ക മാധ്യമമായ പൊളോണിയക്രിസ്തീനിയന്റെ ചീഫ് എഡിറ്ററായ ക്രിസ്റ്റ്യന്‍ ക്രാട്യൂക്ക് പറയുന്നു.
‘അമോരിസ് ലെത്തീസ്യാ’യുടെ തര്‍ജ്ജമയില്‍ പോളണ്ടിലെ മെത്രാന്‍മാര്‍ വരുത്തുന്ന കാലതാമസം വിശ്വാസികളെ ആശങ്കാകുലരാക്കുന്നുണ്ട്.“എനിക്ക് പോളണ്ടിനെ പ്രതി പ്രത്യേക സ്നേഹമുണ്ട്. അവള്‍ എന്നോടു വിശ്വസ്തത കാണിക്കുകയാണെങ്കില്‍ ഞാന്‍ അവളില്‍ വസിക്കുകയും, എന്റെ അവസാന വരവിനുള്ള തയ്യാറെടുപ്പുകളുടെ തീപ്പൊരി അവളില്‍ നിന്നും ഉത്ഭവിക്കുകയും ചെയ്യും” എന്ന് വിശുദ്ധ ഫൗസ്റ്റീനക്ക് യേശു വെളിപ്പെടുത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പോളണ്ട് സ്വാതത്ര്യം നേടിയിട്ട് 100 വര്‍ഷം തികയുന്ന ഈ വര്‍ഷം തന്നെയാണ് രാജ്യത്തിന്റെ കത്തോലിക്കാ വിശ്വാസം ഊട്ടിയുറപ്പിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല അവസരം. ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്നത് പുതിയൊരു മുദ്രാവാക്യമല്ലായെന്നും പോളണ്ടിന്റെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി 17-ാം നൂറ്റാണ്ട് മുതല്‍ ഈ മുദ്രാവാക്യം നിലവിലുണ്ടെന്നും ക്രിസ്റ്റ്യന്‍ ക്രാട്യൂക്ക് കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രമുഖരായ നിരവധി കത്തോലിക്കരും, അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരും അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്.