News - 2025

വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്റെ പേരില്‍ ചലച്ചിത്രോത്സവം

സ്വന്തം ലേഖകന്‍ 24-02-2018 - Saturday

കാസില്‍ ഗണ്ടോള്‍ഫോ: കരുണയുടെ ദൂതനായിരിന്ന വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ പേരില്‍ ചലച്ചിത്രോത്സവം ഇറ്റലിയില്‍ സംഘടിപ്പിക്കപ്പെടുന്നു. വിശുദ്ധന്റെ കരുണയുടെ വ്യക്തിപ്രഭാവത്തിന്റെ 400-വാര്‍ഷീകാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ചു ഇറ്റലിയിലെ അല്‍ബാനോ പ്രവിശ്യയിലെ കാസില്‍ ഗണ്ടോള്‍ഫോ എന്ന പുരാതന പട്ടണത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. വരുന്ന ഒക്ടോബര്‍ 18-ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം 21-വരെ നീണ്ടുനില്ക്കും.

പ്രശസ്ത അമേരിക്കന്‍ നടന്‍, ക്ലേരന്‍സ് ഗില്‍വാര്‍ഡാണ് ചലച്ചിത്രോസവത്തിന്‍റെ സൂത്രധാരനും സംഘാടകനും. “വിചെന്‍സോയെ തേടി” എന്ന ശീര്‍ഷകത്തിലാണ് “പാവങ്ങളുടെ പിതാവെ”ന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ പേരിലുള്ള ചലച്ചത്രോത്സവം സംഘടിപ്പിക്കപ്പെടുന്നത്. ചലച്ചിത്രോത്സവത്തോടൊപ്പം, ചര്‍ച്ചകള്‍, സെമിനാറുകള്‍, സംഗീതപരിപാടികള്‍, ദൃശ്യാവതരണങ്ങള്‍, പ്രബന്ധാവതരണം എന്നിവയും സംഘടിപ്പിക്കപ്പെടും. രാജ്യാന്തര വിധി നിര്‍ണ്ണായ സമിതി, വിശ്വോത്തര സിനിമാ സംവിധായകരുടെയും നടീനടന്മാരുടെയും സാന്നിദ്ധ്യം എന്നിവ ആത്മീയതയുടെ ഈ സിനിമോത്സവത്തിന് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

1581-മുതല്‍ 1660 കാലഘട്ടംവരെ ഫ്രാന്‍സില്‍ തുടങ്ങി യൂറോപ്പിലും, പിന്നെ ലോകമെമ്പാടും തന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ വഴി ക്രിസ്തുസ്നേഹത്തിന്‍റെ മായാത്ത മുദ്രപതിപ്പിച്ച വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ കരുണയുടെ 400 വാര്‍ഷികാചരണങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയാകും. വിശുദ്ധന്റെ പേരിലുള്ള വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റി ആഗോളതലത്തില്‍ നിസ്തുലമായ കാരുണ്യ പ്രവര്‍ത്തനമാണ് നടത്തുന്നത്.

More Archives >>

Page 1 of 288