News - 2025
ദിവ്യകാരുണ്യം മുട്ടിന്മേൽ നിന്ന് നാവില്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
സ്വന്തം ലേഖകന്‍ 24-02-2018 - Saturday
റോം: പരിശുദ്ധ ദിവ്യകാരുണ്യം സാത്താന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും, അതിനാല്‍ വിശ്വാസികള്‍ ദിവ്യകാരുണ്യം മുട്ടിന്‍മേല്‍ നിന്നു നാവില്‍ തന്നെ സ്വീകരിക്കുന്ന പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നും വത്തിക്കാന്‍ ആരാധനാ സമിതിയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ഓര്‍മ്മപ്പെടുത്തല്‍. “ദി ഡിസ്ട്രിബ്യൂഷന്‍ ഓഫ് കമ്മ്യൂണിയന്‍ ഓണ്‍ ദി ഹാന്‍ഡ്: എ ഹിസ്റ്റോറിക്കല്‍, ജുഡീഷ്യല്‍, ആന്‍ഡ് പാസ്റ്ററല്‍ സര്‍വ്വേ” എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ അവതാരികയിലാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനെ പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. ഡോണ്‍ ഫെഡെറിക്കോ ബോര്‍ട്ടോളിയാണ് പുസ്തകം രചിച്ചത്. വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്ന പതിവിന് പ്രചാരം ലഭിച്ചത് സാത്താന്റെ ആക്രമണത്തിന്റെ ഒരു ഭാഗമാണെന്നും കര്‍ദ്ദിനാള്‍ കുറിച്ചു.
എന്തുകൊണ്ടാണ് നമ്മള്‍ നിന്നുകൊണ്ട് വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്നത് ? ഈ ചോദ്യത്തെക്കുറിച്ച് തിരുസഭ ചിന്തിക്കേണ്ട സമയമായി. തെറ്റായ രീതിയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നത് വഴി വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി ഇല്ലാതാക്കുവാനാണ് സാത്താന്‍ ശ്രമിക്കുന്നത്. പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയുടെ കാര്യത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനേയും, മദര്‍ തെരേസയേയും നമ്മള്‍ മാതൃകയാക്കണം. കര്‍ദ്ദിനാള്‍ കുറിച്ചു.
വിശുദ്ധ കുര്‍ബാന നാവില്‍ തന്നെ സ്വീകരിക്കണമെന്നതിന് കാരണമായി പല വസ്തുതകളും അദ്ദേഹം നിരത്തുന്നുണ്ട്. ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്ക് മുന്‍പായി ബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ട 'സമാധാനത്തിന്റെ മാലാഖ' തിരുവോസ്തിയടങ്ങിയ കാസ കയ്യില്‍ പിടിച്ചിരുന്ന കാര്യം കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇത് യേശുവിന്റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞു കൊണ്ട് മാലാഖ സാഷ്ടാംഗം പ്രണമിച്ചു. നമ്മള്‍ എങ്ങനെയാണ് ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതെന്നു മാലാഖ കാണിച്ചു തരുകയായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ വിവരിക്കുന്നു.
വിയര്‍പ്പുള്ള വൃത്തിഹീനമായ കൈകളില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതും, നമ്മുടെ നാവില്‍ സ്വീകരിക്കുന്നതും വിശുദ്ധ കുര്‍ബാനയോടുള്ള നമ്മുടെ ഭക്തിയെ അനുസരിച്ചിരിക്കും. കര്‍ത്താവായ യേശുവാണ് വിശുദ്ധ കുര്‍ബാനയിലുള്ളത്. യേശുവും തന്റെ പിതാവിനോട് മുട്ടിന്‍മേല്‍ നിന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ മുട്ടിന്‍മേല്‍ നിന്ന്‍ നാവില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് നമ്മുടെ സൃഷ്ടാവിനോടുള്ള ബഹുമാനത്തിന്റെ സൂചകമാണ്.
പരിശുദ്ധ കന്യകാമാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിന്റെ ശാശ്വത വിജയത്തേപ്പോലെ തന്നെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ സത്യവും വിജയിക്കുമെന്നും, ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പവിത്രത വിശ്വാസികള്‍ മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തന്റെ ആമുഖം വിവരണം അവസാനിപ്പിച്ചിരിക്കുന്നത്.