News

ആസിയ ബീബിയെ 'രക്തസാക്ഷി' എന്നു വിശേഷിപ്പിച്ചുകൊണ്ട് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 25-02-2018 - Sunday

വത്തിക്കാന്‍ സിറ്റി: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയ ബീബിയെയും ഇസ്ലാം ഭീകരസംഘടനയായ ബോക്കോ ഹറാമിന്‍റെ ആക്രമണത്തിനിരയായ റബേക്ക ബിട്രൂസിനെയും 'രക്തസാക്ഷികള്‍' എന്നു വിശേഷിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ശനിയാഴ്ച ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിക് മസിക്കും പുത്രി എയ്ഷാം ആഷിക്കിനും റബേക്ക ബിട്രൂസിനും അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയിലെ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം വിശേഷണം നല്‍കിയത്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രതിനിധികള്‍ക്ക് ഒപ്പമാണ് ഇവര്‍ പാപ്പയെ കണ്ടത്.

വേദനയാല്‍ കഴിയുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് ആസിയായും റബേക്കയുമെന്നും രണ്ടുപേരും രക്തസാക്ഷികളാണെന്നും പാപ്പ പറഞ്ഞു. എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രസ്ഥാനത്തിന്‍റെ ഇറ്റാലിയന്‍ ഘടകത്തിന്‍റെ തലവന്‍ അലെസ്സാന്ത്രൊ മോന്തെഡൂറൊയാണ് മാര്‍പാപ്പയെ കാണുന്നതിന് ഇവര്‍ക്ക് അവസരം ഒരുക്കിയത്. പൊതുപ്രഭാഷണം അവസാനിക്കുന്നതിന് മുന്‍പ് ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു.

2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബീ. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇവരെ ഏകാന്ത തടവറയില്‍, കഠിന തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആസിയാ ബീബിയുടെ അപ്പീല്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരിന്നു.

More Archives >>

Page 1 of 289