News - 2025
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍; ഫ്രാന്‍സിസ് പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചു
സ്വന്തം ലേഖകന്‍ 15-03-2018 - Thursday
വത്തിക്കാന്‍ സിറ്റി: സംസ്ഥാന സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ മാര്‍ച്ച് 14 ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേദിയില്‍വച്ചാണ് ഫ്രാന്‍സിസ് പാപ്പയുമായി മന്ത്രി നേര്‍ക്കാഴ്ച നടത്തിയത്. വിശിഷ്ടാതിഥികള്‍ക്കുള്ള വേദിയിലെ മുന്‍പന്തിയില്‍ ഉപവിഷ്ടനായിരുന്ന അദ്ദേഹത്തിന് പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് മാര്‍പാപ്പയെ അടുത്തു കാണാനും സംസാരിക്കുവാനും അവസരം ലഭിച്ചത്. കൂടിക്കാഴ്ചയില്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണകത്ത് അദ്ദേഹം പാപ്പയ്ക്ക് നല്കി. നെറ്റിപട്ടം ധരിച്ച ആനയുടെ രൂപവും അദ്ദേഹം പാപ്പയ്ക്ക് സമ്മാനിച്ചു.
സാധാരണക്കാരും പാവങ്ങളുമായവരോട് ഇത്രയേറെ പ്രതിബദ്ധതയുള്ള ഫ്രാന്‍സിസ് പാപ്പയെ കേരളത്തിലേയ്ക്ക് ക്ഷണിക്കുന്ന കത്ത് നേരിട്ടു കൊടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. മാര്‍പാപ്പയുടെ സാമൂഹികവും ആത്മീയവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രബോധനം ഉള്‍ക്കൊണ്ടു ജീവിക്കാന്‍ നമുക്കു സാധിച്ചാല്‍ സമൂഹത്തില്‍ സമാധാനം കൈവരിക്കാനും, കേരളസഭ ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനും സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.