News - 2025

വിവാഹമോചന നിയമം പാസാക്കുവാന്‍ ഫിലിപ്പീന്‍സ്; എതിര്‍പ്പുമായി സഭാനേതൃത്വം

സ്വന്തം ലേഖകന്‍ 16-03-2018 - Friday

മനില: വിവാഹമോചനത്തിന് അംഗീകാരം നല്‍കുന്ന ‘ആക്റ്റ് ഓണ്‍ ദി ഡൈവോഴ്സ് ആന്‍ഡ്‌ ഡിസൊലൂഷന്‍ ഓഫ് മാര്യേജ്’ ബില്‍ ഈസ്റ്ററിനു മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ ഫിലിപ്പീന്‍സ് അധികാര നേതൃത്വം ഒരുങ്ങുന്നു. സെനറ്റിന്റെ ഔദ്യോഗിക വക്താവായ പാന്റലിയോണ്‍ അല്‍വാറെസാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 23-ന് ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിവാഹം അലംഘനീയമായ സാമൂഹ്യ വ്യവസ്ഥിതിയാണെന്ന വസ്തുത ഫിലിപ്പീന്‍സിലെ ഭരണഘടന അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, വിവിധ കത്തോലിക്ക അല്‍മായ സംഘടനകള്‍ സംയുക്തമായി ഒപ്പിട്ട അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു.

പാര്‍ലമെന്റംഗങ്ങളായ എഡ്സെല്‍ ലാഗ്മാന്‍, വൈസ് പ്രസിഡന്റ് പിയാ കായെറ്റാനോ, എമ്മി ഡെ ജീസസ് തുടങ്ങിയവരാണ് ബില്ലിനെ അനുകൂലിക്കുന്ന പ്രമുഖര്‍. വിവാഹബന്ധത്തെ സംരക്ഷിക്കുവാന്‍ ശ്രമിച്ചാലും കാര്യമില്ലെന്നാണ് ബില്ലിനെ അനുകൂലിക്കുന്ന ലാഗ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിവിധ സംഘടനകള്‍ രംഗത്തുണ്ട്. ഭരണഘടനയുടെ നന്മക്കായി സുസ്ഥിരമായ ഒരു സമൂഹത്തെ ആവശ്യമുണ്ടെന്നും ഇതിനായി നിയമത്തെ തടയണമെന്നും ‘സെര്‍വന്റ്സ് ഫോര്‍ ഫാമിലി എംപവര്‍മെന്റ് അസോസിയേഷന്‍ വക്താക്കള്‍ പ്രതികരിച്ചു.

ദമ്പതികള്‍ക്ക് നന്മയും, സന്തോഷവും പകരുന്ന ഒരു കൂദാശയാണ് വിവാഹം. സ്നേഹവും ക്ഷമയും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം കുട്ടികള്‍ക്കും ആവശ്യമുണ്ട്. ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴുമ്പോള്‍ അനുരജ്ഞനത്തിന്റേയും, ഒന്നിപ്പിക്കലിന്റേയും വഴിയിലേക്കാണ്‌ അവരെ നയിക്കേണ്ടതെന്ന് അസോസിയേഷനിലെ അംഗങ്ങളായ ദമ്പതികള്‍ വിവരിച്ചു. വിവാഹമോചനത്തിനു നിയമാസാധുത നല്‍കുന്നതിനെ കുറിച്ച് ഫിലിപ്പീന്‍സില്‍ സമീപകാലത്ത് നടത്തിയ ഒരു വോട്ടെടുപ്പില്‍ 53% ആളുകളും വിവാഹമോചനത്തിനു നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചുകൊണ്ടാണ് വോട്ട് ചെയ്തത്. 32% എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 15% പ്രത്യേക അഭിപ്രായം രേഖപ്പെടുത്തിയില്ല. വിവാഹത്തിന്റെ ധാര്‍മ്മികതയെ ഉയര്‍ത്തി കാണിച്ചു കത്തോലിക്ക സഭ റാലികള്‍ സംഘടിപ്പിച്ചിരിന്നു.


Related Articles »