News - 2025

വൈദികന്‍ എളിമയുള്ളവനാകണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 18-03-2018 - Sunday

വത്തിക്കാന്‍ സിറ്റി: ഓരോ വൈദികനും മറ്റുള്ളവരെ ശ്രവിക്കുന്നവനും എളിമയുള്ളവനുമായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വെള്ളിയാഴ്ച (16/03/18) റോമിലെ പൊന്തിഫിക്കല്‍ കോളേജുകളിലെ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനില്‍ സ്വീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഒരു സാധാരണ മനുഷ്യനായി മറ്റുള്ളവരെ സന്തോഷിപ്പിക്കാനും, ചിരിപ്പിക്കാനും, രോഗിയെ നിശബ്ദമായി ശ്രവിക്കാനും, തലോടി ആശ്വസിപ്പിക്കാനും വൈദികന് കഴിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ഇടവാകാംഗങ്ങളെ മക്കളായി കാണുന്ന മനോഭാവവും മെത്രാനുമായുള്ള ബന്ധവും കരുതലോടെ സൂക്ഷിക്കാന്‍ രൂപതാവൈദികന്‍ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മാനുഷികവും അജപാലനപരവും ആദ്ധ്യാത്മികവും സാമൂഹ്യവുമായ പരീശീലനം വൈദികനു ലഭിക്കണമെന്നും സ്വന്തം പോരായ്മകളെക്കുറിച്ച് വൈദികന് അവബോധമുണ്ടായിരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. സമഗ്രമായ വൈദിക പരിശീലനം, രൂപതാവൈദികന്‍റെ ആദ്ധ്യാത്മികത, പ്രേഷിത ക്രിസ്തുശിഷ്യത്വം, സ്ഥായിയായ പരിശിലനം തുടങ്ങീ നിരവധി വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ മറുപടി നല്‍കി.


Related Articles »