News - 2025
ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക്
സ്വന്തം ലേഖകന്‍ 24-03-2018 - Saturday
കൊച്ചി: ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും 40 ദിവസങ്ങള്‍ പിന്നിട്ട് ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും. ഇന്നലെ ദേവാലയങ്ങളില്‍ നടന്ന നാല്‍പ്പതാം വെള്ളിയാഴ്ച ശുശ്രൂഷകളില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. നാളെ ഓശാന ഞായറോടെ അമ്പതു നോമ്പിന്റെ ഏറ്റവും പ്രധാനപെട്ട ആഴ്ചയിലേക്ക് വിശ്വാസികള്‍ കടക്കും. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ആര്‍പ്പുവിളിച്ചും വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും.
'ഓശാന, ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്ന ആലാപനവുമായാണു ദേവാലയങ്ങളിലേക്കുള്ള കുരുത്തോല പ്രദക്ഷിണം നടക്കുക. നാളെ വത്തിക്കാനിലും പ്രത്യേക ശുശ്രൂഷകള്‍ നടക്കും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. പെസഹ വ്യാഴാഴ്ച റോമിലെ റെജീന കൊയിലി ജയിലിലെത്തി പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകും. ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ പാപ്പ കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കും. വിശുദ്ധവാരത്തോട് അനുബന്ധിച്ച് ആയിരങ്ങളാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.