News - 2025

"ദാവീദിന്‍ പുത്രന് ഓശാന": ഇന്ന് ഓശാന ഞായര്‍

സ്വന്തം ലേഖകന്‍ 25-03-2018 - Sunday

എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, 'രക്ഷ അടുത്തിരിക്കുന്നു' അഥവാ 'ഇപ്പോള്‍ ഞാന്‍ രക്ഷ നേടും' എന്നാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും.

ഓലകള്‍ കൈകളിലേന്തി ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്ക് ഓശാന, ഓശാന, ദാവീദിന്‍ സുതനോശാന... എന്ന ഗാനാലാപനത്തോടെയാണു പ്രദക്ഷിണം. ആശീര്‍വദിച്ച കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും ഭക്തിപൂര്‍വം രക്ഷയുടെ അടയാളമായി വിശ്വാസികള്‍ പ്രതിഷ്ഠിക്കും. വത്തിക്കാനില്‍ ഇന്ന്‍ പ്രത്യേക ഓശാന ശുശ്രൂഷകള്‍ നടക്കും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും.

എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ ആലഞ്ചേരി മുഖ്യകര്‍മ്മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായിരിക്കും. പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്വിന്റെ ശുശ്രുഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളുണ്ടാകും. വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌കാരം. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍

കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യ കാര്‍മികനായിരിക്കും. രാവിലെ 10.30ന് ഇംഗ്ലീഷിലും 2.30ന് ഹിന്ദിയിലും 3.30ന് തമിഴിലും വൈകുന്നേരം അഞ്ചിനു മലയാളത്തിലും വിശുദ്ധ കുര്‍ബാനയുണ്ടാകും.

ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും ഓശാന തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ മാര്‍ ജോസ് പുളിക്കലും ഓശാന തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. വിജയപുരം രൂപതയുടെ വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കാര്‍മികത്വം വഹിക്കും.

മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ എട്ടിന് ആരംഭിക്കും. കുര്യാക്കോസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. പരുമല സെമിനാരിയില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസും, കോട്ടയം പഴയ സെമിനാരിയില്‍ മാത്യൂസ് മാര്‍ തേവോദോസിയോസും, പാന്പാടി സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസും ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. ഓശാന ഞായറോടെ രക്ഷകന്റെ പീഡാനുഭവസ്മരണകളെ ധ്യാനിച്ചു ആഗോള സഭ വിശുദ്ധ വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

More Archives >>

Page 1 of 301