News - 2025

‘സഭയുടെ മാതാവ്': തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടണമെന്ന് കര്‍ദ്ദിനാള്‍ സാറ

സ്വന്തം ലേഖകന്‍ 02-04-2018 - Monday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പുതുതായി പ്രഖ്യാപിച്ച 'സഭയുടെ മാതാവ്' എന്ന പേരിലുള്ള തിരുനാള്‍ വരുന്ന മെയ് 21-ന് നടക്കും. തിരുനാള്‍ സംബന്ധിച്ചു കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ ആരാധനാ തിരുസംഘം ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രാദേശിക വിശുദ്ധന്റേയോ വിശുദ്ധയുടേയോ തിരുനാള്‍ മെയ് 21-ന് വരികയാണെങ്കില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ഓര്‍മ്മയാചരണത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും ആരാധനാ തിരുക്കര്‍മ്മങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറഞ്ഞു.വിശുദ്ധ കുര്‍ബാനക്കിടയിലെ സുവിശേഷ വായനകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാപ്പ നിഷ്കര്‍ഷിച്ചിട്ടുള്ള സുവിശേഷ വായനകളുടെ പട്ടിക പിന്തുടരുന്നതും ഉചിതമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ സൂചിപ്പിച്ചു.

വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദത്തിനേയും ഹവ്വയേയും ദൈവം ചോദ്യം ചെയ്യുന്നതിനെ പ്രതിപാദിക്കുന്ന ഉല്‍പ്പത്തി 3:9-15, 20; യേശുവിന്റെ ഉത്ഥാനത്തിനു ശേഷം മറിയത്തോടൊപ്പം ശിഷ്യന്‍മാര്‍ നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് പറയുന്ന അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1:12-14 എന്നിവയിലേതെങ്കിലുമാണ് ആദ്യ വായനക്കായി വത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. മറിയത്തെ അമ്മയായി സ്വീകരിക്കുവാന്‍ പ്രിയ ശിഷ്യനോട് യേശു ആവശ്യപ്പെടുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷ (19:25-34) ഭാഗമാണ് സുവിശേഷ വായനക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇടയന്മാരിലും സമര്‍പ്പിതരിലും അല്‍മായ വിശ്വാസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തിയും വളര്‍ത്താന്‍ പുതിയ തിരുനാള്‍ സഹായിക്കുമെന്നാണ് ആരാധനസംഘത്തിന്റെ പ്രതീക്ഷ.

More Archives >>

Page 1 of 302