News - 2025

രാഷ്ട്രീയ ഗൗരവ് പുരസ്കാരത്തിന്റെ തിളക്കവുമായി ഫാ. വിനീത് ജോർജ്ജ്

സ്വന്തം ലേഖകന്‍ 05-04-2018 - Thursday

ന്യൂഡൽഹി: ബാംഗ്ലൂർ ക്ലരീഷന്‍ പ്രോവിന്‍സിലെ വൈദികനായ ഫാ.വിനീത് ജോർജ്ജിന് ഈ വർഷത്തെ രാഷ്ട്രീയ ഗൗരവ് പുരസ്കാരം. ഉന്നത വിദ്യാഭ്യസ മേഖലയിലും സാമൂഹ്യ സേവനത്തിനും മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് സമ്മാനിക്കുന്നതാണ് രാഷ്ട്രീയ ഗൗരവ് പുരസ്ക്കാരം. അവാര്‍ഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫാ. ജോർജ്. മാർച്ച് 26ന് തലസ്ഥാന നഗരിയിലെ ഇന്ത്യ ഇന്റർനാഷണൽ സെൻററിൽ നടന്ന ചടങ്ങിൽ ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ത്രിപുര എന്നിവടങ്ങളിലെ മുൻ ഗവർണായിരുന്ന ലഫ്.ജനറൽ കെ.എം.സേത്ത്, പുരസ്ക്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. കോർപ്പറേറ്റ് ലോകത്ത് നിന്നും പൗരോഹിത്യത്തിലേക്ക് ചുവടു വെച്ച അനേകം വൈദികരിലൊരാളാണ് ഫാ.വിനീത് ജോര്‍ജ്ജ്.

ഡെൽ, ജി.ഇ അടക്കമുള്ള പ്രശസ്ത കമ്പനികളിൽ സേവനമനുഷ്ഠിച്ച വിനീത് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിഞ്ഞു 2006-ൽ വൈദിക പഠനത്തിനായി ക്ലരീഷന്‍ സഭയില്‍ ചേരുകയായിരിന്നു. ബാംഗ്ലൂർ സെന്‍റ് ക്ലാരറ്റ് കോളേജ് വൈസ് പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്ന ഫാ.വിനീത് വിദ്യാഭ്യാസ മേഖലയിലും യുവജനങ്ങളുടെ ഇടയിലും ലേഖനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിന് ലഭിക്കുന്ന ഒടുവിലത്തെ ആദരമാണ് രാഷ്ട്രീയ ഗൗരവ് പുരസ്കാരം. ലണ്ടൻ ഇന്റർനാഷണൽ പബ്ളിക് റിലേഷൻസ് അസോസിയേഷൻ അംഗീകാരം അദ്ദേഹത്തിന് നേരത്തെ ലഭിച്ചിരിന്നു. വിവിധ മേഖലയിൽ നിന്നും ജൂറി അംഗങ്ങളായ സമിതിയാണ് അവാർഡ് നിർണയത്തിന് പിന്നിൽ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ മദർ തെരേസയ്ക്കും രാഷ്ട്രീയ ഗൗരവ് പുരസ്കാരം ലഭിച്ചിരിന്നു.

More Archives >>

Page 1 of 304