News

മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 06-04-2018 - Friday

ഇടുക്കി: വാഴത്തോപ്പ് സെന്റ ജോര്‍ജ് കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി. മുഖ്യകാര്‍മ്മികനായ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ നെല്ലിക്കുന്നേലിനെ ശുശ്രൂഷാധികാരത്തിന്റെ അടയാളങ്ങളായ മുടിയും അംശവടിയും നല്കിയപ്പോള്‍ മലയോര ജനതയ്ക്ക് അത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. ഇടുക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും മെത്രാഭിഷേക കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായിരിന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്രദക്ഷിണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രദക്ഷിണം ആരംഭിച്ചതോടെ കത്തീഡ്രലിലെ മണി മുഴങ്ങി. അന്‍പതു യുവജനങ്ങള്‍ പേപ്പല്‍ പതാകയുമായും അന്‍പപത് അമ്മമാര്‍ മുത്തുക്കുടകളുമായി പ്രദക്ഷിണത്തിനു മുന്നില്‍ അണിനിരന്നു. ഇവര്‍ക്കു പിന്നില്‍ തിരുവസ്ത്രങ്ങളണിഞ്ഞ 300 വൈദികരും നിലകൊണ്ടു. പ്രദിക്ഷണം പാരിഷ് ഹാളിനു മുന്നിലെത്തിയപ്പോള്‍ തിരുവസ്ത്രമണിഞ്ഞ മെത്രാന്മാര്‍ അണിനിരന്നു. ഇതിന് പിന്നിലാണ് നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിലകൊണ്ടത്.

ഇവര്‍ക്കൊപ്പം മുഖ്യകാര്‍മികന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹകാര്‍മികരായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും, തിരുക്കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍ മോണ്‍. ജോസ് പ്ലാച്ചിക്കലും ആരാധനാക്രമങ്ങള്‍ നിയന്ത്രിക്കുന്ന വൈദികരും നടന്നുനീങ്ങി. മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ മെത്രാനായി നിയോഗിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിയമന ഉത്തരവ് സീറോമലബാര്‍ കൂരിയ വൈസ്ചാന്‍ സലര്‍ ഫാ. വില്‍സണ്‍ ചെറുവത്തൂര്‍ വായിച്ചു. മലയാള പരിഭാഷ ഇടുക്കി രൂപത ചാന്‍സലര്‍ റവ.ഡോ. ജോസഫ് കൊച്ചുകുന്നേലും വായിച്ചു.

തുടര്‍ന്നു രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വന്ദിച്ചു. പിന്നീട് വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി വിശ്വാസപ്രഖ്യാപനം നടത്തി. നാലു കനോന വായനാവേളയിലും പുതിയ മെത്രാന്‍ മുട്ടുകുത്തി പ്രണമിച്ചുകൊണ്ടു വിധേയത്വം പ്രകടിപ്പിച്ചു. പ്രധാന പ്രാര്‍ഥനയായ കൈവയ്പു ശുശ്രൂഷ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സ്ഥാനചിഹ്നങ്ങളായ മുടി (തൊപ്പി) അണിയിക്കുകയും അംശവടി കര്‍ദ്ദിനാള്‍ നല്‍കുകയും ചെയ്തു. മെ​​ത്രാ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​നാ​​യി ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ച്ചു. സഭാമേലധ്യക്ഷന്മാരും സന്യസ്തരും വിശ്വാസി സമൂഹവും അഭിഷിക്തന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരങ്ങളുടെ സാന്നിധ്യം തിരുക്കര്‍മങ്ങള്‍ക്കു പ്രൗഢി പകര്‍ന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബിഷപ് എമരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഇടയന്റെ പാദമുദ്രകള്‍ എന്ന സ്മരണിക പ്രകാശനം ചെയ്തു.

വൈദ്യുതി മന്ത്രി എം.എം. മണി, യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഏലിയാസ് മാര്‍ ജൂലിയസ്, ജോയ്‌സ് ജോര്‍ജ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, പി.ജെ. ജോസഫ് എംഎല്‍എ, കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചെമ്മരപ്പള്ളില്‍, ഫാ.പോള്‍ പാറക്കാട്ടേല്‍ സിഎംഐ, സിസ്റ്റര്‍ ആലീസ് മരിയ സിഎംസി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

More Archives >>

Page 1 of 304