News - 2025

അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ലൂഥറന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന

സ്വന്തം ലേഖകന്‍ 07-04-2018 - Saturday

സ്റ്റോക്ഹോം: സ്വീഡനിലെ ലുണ്ട് നഗരത്തില്‍ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ലൂഥറന്‍ ദേവാലയത്തില്‍ 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സ്വീഡനിലെ ലൂഥറന്‍ സഭ, പ്രാദേശിക ഇടവകയായ സെന്റ്‌ തോമസ് കത്തോലിക്കാ ഇടവകക്ക് ആഴ്ചതോറും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ താല്‍ക്കാലിക അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുവാനുള്ള അവസരം സംജാതമായിരിക്കുന്നത്. ഈ വരുന്ന ഒക്ടോബര്‍ 21-നായിരിക്കും ദേവാലയത്തില്‍ പ്രഥമ കുര്‍ബാന നടക്കുക. പ്രൊട്ടസ്റ്റന്‍റ് നവോത്ഥാനകാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് ഈ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക.

സെന്റ്‌ തോമസ്‌ കത്തോലിക്ക ഇടവക ദേവാലയം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതിനെ തുടര്‍ന്നാണ്‌ ലൂഥറന്‍ സഭ തങ്ങളുടെ കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കുവാന്‍ അനുവാദം നല്‍കിയത്. 2016-ല്‍ പ്രൊട്ടസ്റ്റന്‍റ് നവോത്ഥാനത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ സ്വീഡനിലെത്തിയപ്പോള്‍ ലുണ്ട് നഗരം സന്ദര്‍ശിക്കുകയും കത്തോലിക്ക-ലൂഥറന്‍ നേതൃത്വം സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നു ഈ ദേവാലയത്തില്‍ പാപ്പായും ലൂഥറന്‍ സഭാ നേതാക്കളും ഒരുമിച്ച് ഈ പ്രാര്‍ത്ഥനകള്‍ നടത്തിയതും ഇരുസഭകളും ഒരുമിച്ച് അനുരഞ്ജനത്തിന്റെ പാതയില്‍ മുന്നേറുവാന്‍ തീരുമാനിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.

ഇതിന്റെ പ്രത്യക്ഷത്തിലുള്ള ആദ്യ പ്രതിഫലനമായാണ് ദേവാലയം കത്തോലിക്കര്‍ക്ക് തുറന്ന്‍ നല്കിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം നിരവധി ഹൃദയങ്ങളെ സ്പര്‍ശിച്ചിരുന്നതായി കത്തീഡ്രലിലെ ചാപ്ലൈനായ റവ. ലെനാ സ്ജോസ്ട്രാന്‍ഡ് പറഞ്ഞു. ഇരുസഭകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയ ഒരു സന്ദര്‍ശനമായിട്ടായിരുന്നു ജനങ്ങള്‍ ഫ്രാന്‍സിസി പാപ്പായുടെ സന്ദര്‍ശനത്തെ കണ്ടിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളും പങ്കുവെക്കലും ഇരുസഭകളും തമ്മിലുള്ള അനുരഞ്ജനത്തിന്റെ പാതയിലെ ഒരു വലിയ നാഴികകല്ലായി മാറുകയാണ്.

More Archives >>

Page 1 of 305