News - 2025

പോള്‍ ആറാമന്‍ പാപ്പയെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടിയുള്ള മധ്യസ്ഥനായി പ്രഖ്യാപിച്ചേക്കും

സ്വന്തം ലേഖകന്‍ 06-04-2018 - Friday

വത്തിക്കാന്‍ സിറ്റി: ജീവന്റെ മഹത്വത്തിനായി സ്വരം ഉയര്‍ത്തിയ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഈ വര്‍ഷാവസാനം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാനിരിക്കെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടിയുള്ള മധ്യസ്ഥനായി പ്രഖ്യാപിക്കുമെന്ന് സൂചന. നാമകരണ തിരുസംഘത്തിലെ പോസ്റ്റുലേറ്ററാണ് ഇതുസംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്കു നല്‍കിയത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ നാമകരണത്തിന് കാരണമായ രണ്ട് അത്ഭുതങ്ങളും ജനിക്കുവാനിരിന്ന ശിശുക്കളുമായി ബന്ധപ്പെട്ടതായത് കൊണ്ട് ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷകനെന്ന്‍ പോള്‍ ആറാമനെ വിളിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് പോസ്റ്റുലേറ്റര്‍ ഫാ. അന്റോണിയോ മറാസ്സോ പറയുന്നത്.

മസ്തിഷ്ക തകരാര്‍ ഉണ്ടായിരുന്ന ഒരു ഗര്‍ഭസ്ഥ ശിശുവിനുണ്ടായ അത്ഭുത രോഗശാന്തിയാണു പോള്‍ ആറാമന്റെ മധ്യസ്ഥതയില്‍ സംഭവിച്ച ആദ്യ അത്ഭുതം. മെഡിക്കല്‍ സയന്‍സ് കൈയൊഴിഞ്ഞ വെറോണയിലെ അമാന്‍ഡ എന്ന പെണ്‍കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ അത്ഭുതം. രണ്ട് അത്ഭുതങ്ങളിലും കുഞ്ഞുങ്ങളുടെ ജീവന്‍ ഭീഷണിയിലായിരുന്നു. ശാരീരിക വൈകല്യങ്ങള്‍ക്കുള്ള സാധ്യതയും വലുതായിരുന്നു.

ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നിര്‍ദ്ദേശിച്ച ഈ കേസുകളില്‍ പോള്‍ ആറാമന്റെ മാദ്ധ്യസ്ഥം വഴി യാതൊരു കുഴപ്പവും കൂടാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ തന്നെ കുട്ടികള്‍ ജനിച്ചു. 1963-1978 കാലഘട്ടത്തില്‍ തിരുസഭയെ നയിച്ച പോള്‍ ആറാമന്‍ പാപ്പ ഭ്രൂണഹത്യക്കെതിരെ ശക്തമായ സ്വരം ഉയര്‍ത്തിയിരിന്നു. ജീവന്റെ മഹത്വത്തിനായി സ്വരം ഉയര്‍ത്തിയ പാപ്പയുടെ 1968-ല്‍ പ്രസിദ്ധീകരിച്ച ‘ഹുമാനെ വിറ്റെ’ എന്ന ചാക്രികലേഖനം വളരെയേറെ ശ്രദ്ധപിടിച്ച് പറ്റി. വരുന്ന ഒക്ടോബര്‍ അവസാനം ബിഷപ്പുമാരുടെ സിനഡിനോട് ചേര്‍ന്ന് പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

More Archives >>

Page 1 of 304