News - 2025
ഫാ. ജെയിംസ് മഞ്ഞാക്കല്‍ കരുണയുടെ ആജീവനാന്ത മിഷ്ണറി
സ്വന്തം ലേഖകന്‍ 06-04-2018 - Friday
ന്യൂഡൽഹി: ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജെയിംസ് മഞ്ഞാക്കലിനെ കരുണയുടെ ആജീവനാന്ത മിഷ്ണറിയായി ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തി. ഇതു സംബന്ധിച്ചുള്ള വത്തിക്കാന്റെ ഔദ്യോഗിക നിയമന ഉത്തരവ് ജർമ്മനിയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ നിക്കോളാ എലേറോവിച്ച് ഫാ. ജയിംസിന് നേരിട്ട് നൽകി. കരുണയുടെ തിരുനാള്‍ ദിനമായ ഏപ്രിൽ എട്ടിന് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ദിവ്യബലി അർപ്പിക്കുവാനും തുടർന്ന് പാപ്പയെ നേരിട്ടു കാണുന്നതിനുള്ള ക്ഷണക്കത്തും ജെയിംസച്ചന് കൈമാറിയിട്ടുണ്ട്. എട്ടുമുതൽ പത്തുവരെ വത്തിക്കാനിൽ നടക്കുന്ന കരുണയുടെ മിഷ്ണറിമാരുടെ സംഗമത്തിൽ ഫാ. ജെയിംസ് അനുഭവസാക്ഷ്യം പങ്കുവക്കും.
കാരുണ്യത്തിന്റെ മഹാജൂബിലി വര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശുദ്ധ പിതാവ് പ്രത്യേക പാപമോചനത്തിനായി തിരഞ്ഞെടുത്ത് നിയമിച്ചിട്ടുള്ള വൈദികരുടെ ഗണത്തില്‍ മഞ്ഞാക്കലച്ചനും ഉള്‍പ്പെട്ടിരിന്നു. ആഗോളസഭയില്‍ 1142 പേരെയാണ് പാപ്പ തിരഞ്ഞെടുത്തിട്ടുള്ളത്. അതില്‍ കേരളത്തില്‍ നിന്നുള്ള ഏകവൈദികന്‍ ആയിരിന്നു ഫാ. ജെയിംസ് മഞ്ഞാക്കല്‍. വിജയപുരം രൂപതയിലെ അതിരമ്പുഴയിലുള്ള കാരിസ്ഭവൻ സമൂഹത്തിലെ അംഗമാണ് അദ്ദേഹം. കരുണയുടെ മിഷ്ണറിമാരുടെ സംഗമത്തിലേക്ക് ഫാ. ജെയിംസ് മഞ്ഞാക്കലിനെ കൂടാതെ എം.എസ്.എഫ്.എസ് സഭയിലെ ഫാ.ജിജോ മഞ്ഞാക്കലിനെയും ഫാ മാരിയോ ഡിസൂസായെയും മാർപാപ്പ ക്ഷണിച്ചിട്ടുണ്ട്.