News - 2025
ഗോവയിൽ കർമ്മലീത്ത ആശ്രമത്തിനു നേരെ കല്ലേറ്
സ്വന്തം ലേഖകന്‍ 07-04-2018 - Saturday
പനാജി: ഗോവയിലെ മാർഗോയില്‍ സ്ഥിതി ചെയ്യുന്ന കർമ്മലീത്ത ആശ്രമത്തിനു നേരെ അക്രമികളുടെ കല്ലേറ്. ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങൾക്ക് കല്ലേറിൽ നാശനഷ്ടമുണ്ടായി. ഏഷ്യാ ന്യൂസാണ് ആശ്രമത്തിന് നേരെ നടന്ന ആക്രമണം പുറംലോകത്തെ അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്ര ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾ വഴി രാജ്യത്ത് മതമൈത്രി തകർത്ത് വിപ്ളവങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഗോവ അതിരൂപത മെത്രാൻ ഫിലിപ്പ് നേരി അഭിപ്രായപ്പെട്ടു.
ഗോവയിൽ നടന്ന ആക്രമണം വേദനാജനകമാണെന്ന് ആര്‍ച്ച് ബിഷപ്പ് സെക്രട്ടറി ഫാ. ജൊവാക്കിം ലയോള പെരേര പറഞ്ഞു. ഭാരതത്തിൽ നിലനിൽക്കുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് ഗോവയില്‍ നടന്ന അക്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് മതസ്ഥരുമായി സൗഹാർദം പുലർത്തുന്ന ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണം കഴിഞ്ഞ മൂന്ന് വർഷവും ആവർത്തിക്കപ്പെട്ടത് ഖേദകരമാണെന്ന് കർമ്മലീത്ത ആശ്രമ അദ്ധ്യക്ഷൻ ഫാ.ആർക്കിബാൾഡ് ഗോൺസാൽവസ് വ്യക്തമാക്കി. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ ഗോവയില്‍ വർദ്ധിച്ചു വരുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗോവയിൽ സെമിത്തേരികളും കുരിശുകളും തകര്‍ക്കപ്പെട്ടിരിന്നു.
ഇതിനിടെ സര്‍ക്കാരിന്റെ ഒത്താശയോടെ അക്രമ സംഭവങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടെന്ന ആക്ഷേപം വ്യാപകമാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അടുത്തിടെ ഗോവയില്‍ കുരിശടികളും സെമിത്തേരികളും തകര്‍ത്ത കേസില്‍ ക്രൈസ്തവ വിശ്വാസിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാനസിക രോഗമുണ്ടെന്നും പ്രതി ഒറ്റയ്ക്ക് നടത്തിയ ആക്രമമായിരിന്നുവെന്നായിരിന്നു പോലീസ് ഭാഷ്യം. എന്നാല്‍ വാദം പൂര്‍ത്തിയായ 11 കേസുകളിലും കുറ്റം ആരോപിക്കപ്പെട്ട പ്രതി നിരപരാധി ആണെന്ന്‍ ഗോവന്‍ കോടതി കണ്ടെത്തുകയായിരിന്നു. ആക്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്ന വാദം ശക്തമായിരിക്കെയാണ് മിക്ക കേസുകളും സര്‍ക്കാര്‍ വഴി തിരിച്ചു വിടുന്നത്.