News - 2025

ലാത്വിയയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതി

സ്വന്തം ലേഖകന്‍ 07-04-2018 - Saturday

റിഗ: വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണവും, സംരക്ഷണവും ലക്ഷ്യം വെച്ചുകൊണ്ട് പുതിയ സാമ്പത്തിക സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ വര്‍ഷം ‘യൂറോപ്യന്‍ ഇയര്‍ ഓഫ് കള്‍ച്ചറല്‍ ഹെറിറ്റേജ്’ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ ‘ദി ലാത്വിയന്‍ സ്റ്റേറ്റ് ഇന്‍സ്പെക്ഷന്‍ ഫോര്‍ ഹെറിറ്റേജ് പ്രൊട്ടക്ഷന്‍' (VPKAI) ആണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. സംഘടനയുടെ തലവനായ ജൂറിസ് ഡാംബിസ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുരാതന പൈതൃകമുള്ള ഇരുപത്തിയെട്ടോളം ദേവാലയങ്ങള്‍ക്കായി പത്തുലക്ഷത്തോളം യൂറോ ചിലവിടുവാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ പത്തെണ്ണം കത്തോലിക്കാ ദേവാലയങ്ങളാണ്.

സാമ്പത്തിക സഹായപദ്ധതിയുടെ ആരംഭം കുറിച്ചുകൊണ്ട് റിഗായില്‍ വെച്ച് നടന്ന പരിപാടിയില്‍ ഡാംബിസിനൊപ്പം വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കളും പങ്കെടുത്തിരുന്നു. ക്രൈസ്തവ ദേവാലയങ്ങളുടെ പ്രാധാന്യവും ആവശ്യവും ചൂണ്ടിക്കാട്ടിയായിരിന്നു സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദേശം നല്‍കിയത്. വിശുദ്ധ സ്മാരകങ്ങളും പൈതൃകവുമില്ലെങ്കില്‍ റിഗാ നഗരം ഒന്നുമല്ലായെന്ന് ഡാംബിസ് ചൂണ്ടിക്കാണിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ റിഗാ ആര്‍ച്ച് ബിഷപ്പ് സ്ബിഗ്ന്യൂ സ്റ്റാന്‍കെവിക്സ്‌ നന്ദി അറിയിച്ചു.

സാമൂഹ്യ മൂല്യങ്ങളുടെ ആധാരശിലകളായ വിശുദ്ധി, ദൈവീകത തുടങ്ങിയവയില്‍ രാജ്യം കാണിക്കുന്ന താത്പര്യത്തില്‍ അതീവ സന്തോഷമുണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. വിശുദ്ധ സ്മാരകങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് 40 ലക്ഷം യൂറോയെങ്കിലും ചിലവഴിക്കേണ്ടതായി വരുമെന്നു ആംഗ്ലിക്കന്‍ ബിഷപ്പായ ജാന്‍ ജെരൂമാ ഗ്രീന്‍ബെര്‍ഗ് പ്രതികരിച്ചു. ദേവാലയങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമല്ല സകലര്‍ക്കും വേണ്ടിയുള്ളതായതിനാല്‍ ദേവാലയങ്ങള്‍ക്ക് വലിയ സാമൂഹിക പ്രസക്തിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 305