News - 2025

വിശുദ്ധിയിലേയ്ക്കു ക്ഷണിച്ച് പാപ്പയുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം

സ്വന്തം ലേഖകന്‍ 10-04-2018 - Tuesday

വത്തിക്കാന്‍ സിറ്റി: യേശുവിനെ പിഞ്ചെല്ലുന്നതിലാണു വിശുദ്ധി അടങ്ങിയിരിക്കുന്നതെന്നു ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. ഗൗദെത്തെ എത് എക്‌സുല്താരത്തേ അഥവാ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ എന്ന ശീര്‍ഷകത്തിലാണ് പുതിയ അപ്പസ്‌തോലിക പ്രബോധനം പുറത്തിറക്കിയത്. മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് മാര്‍ച്ച് 19നു വിശുദ്ധയൗസേപ്പിന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ച പ്രബോധനരേഖ ലാ സ്റ്റാമ്പാ പത്രത്തിന്റെ ലേഖകന്‍ ജിയാന്ന വാലന്റേ, കാത്തലിക് ആക്ഷനിലെ പൗളോ ബിഞ്ഞാര്‍ഡി എന്നിവര്‍ക്കു നല്‍കിക്കൊണ്ട് ആര്‍ച്ച് ബിഷപ്പ് ആന്‍ജലോ ഡി ഡൊണാറ്റിസാണ് ഇന്നലെ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ അഷ്ടസൗഭാഗ്യത്തെക്കുറിച്ചുള്ള യേശുവിന്‍റെ ഉദ്ഘോഷണത്തില്‍ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണെന്നു വ്യക്തമാക്കി ആനന്ദിച്ചാഹ്ലാദിക്കുവിന്‍ (മത്താ 5:12) എന്നു അവിടുന്നു നല്‍കുന്ന ആഹ്വാനമാണ് അപ്പസ്തോലിക ആഹ്വാനത്തിന്‍റെ ശീര്‍ഷകമായിരിക്കുന്നത്. അഞ്ച് അധ്യായങ്ങളിലായി 176 നമ്പറുകളില്‍ നല്‍കുന്ന ഈ രേഖയുടെ ആമുഖത്തില്‍ത്തന്നെ വിശുദ്ധിയിലേയ്ക്കുള്ള വിളി അതിന്‍റെ എല്ലാ ബുദ്ധിമുട്ടുകളോടും വെല്ലുവിളികളോടും കൂടെ ഏറ്റെടുക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

അഷ്ടസൗഭാഗ്യങ്ങളുടെയും കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ രൂപവത്ക്കരിക്കപ്പെട്ട വിശുദ്ധരുടെ ജീവിതങ്ങളുടെ പുനര്‍വായനയ്ക്കും, പ്രാര്‍ത്ഥനാപൂര്‍വമായ ധ്യാനത്തിനും പാപ്പാ അപ്പസ്‌തോലിക പ്രബോധനത്തില്‍ ക്ഷണിക്കുന്നുണ്ട്. ഒന്നാമധ്യായം നമുക്കു മുമ്പേ കടന്നുപോയിട്ടുള്ള വിശുദ്ധരെക്കുറിച്ചും നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരെക്കുറിച്ചുകൂടി ഓര്‍മിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോള്‍, രണ്ടാമധ്യായം വിശുദ്ധ ജീവിതത്തിന്‍റെ ശത്രുക്കളെക്കുറിച്ചും, മൂന്നാമധ്യായം നല്ല ക്രിസ്ത്യാനിയാകുന്നതിന് എന്തുചെയ്യണം എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്ന യേശുവിന്‍റെ മലയിലെ പ്രസംഗത്തെക്കുറിച്ചും വിശദീകരിക്കുന്നു.

പരിശുദ്ധ അമ്മയുടെ ഹൃദയം പിളര്‍ക്കുന്ന വാളിനെ ഓര്‍മിപ്പിച്ചുകൊണ്ട്, സഹനത്തെ ഏറ്റെടുക്കാനും വിശുദ്ധരിലെ വിശുദ്ധയായ പരിശുദ്ധ അമ്മയെ കൂടെ നിര്‍ത്താനും അമ്മയുടെ മാധ്യസ്ഥം തേടാനും അവസാന ഭാഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്നലെ (ഏപ്രില്‍ 9) രാവിലെ പരിശുദ്ധ സിംഹാസനം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വച്ചു നടത്തിയ പ്രകാശനകര്‍മത്തില്‍, പത്രപ്രവര്‍ത്തകര്‍, വിവിധ കലാസാംസ്ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അടക്കമുള്ള നിരവധി പേര്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനമാണിത്.

More Archives >>

Page 1 of 306