News - 2025

ജപ്പാനില്‍ ക്രൈസ്തവ പീഡനത്തിന്റെ ചരിത്രവുമായി മ്യൂസിയം

സ്വന്തം ലേഖകന്‍ 10-04-2018 - Tuesday

ടോക്കിയോ: ജപ്പാനില്‍ അരങ്ങേറിയ ക്രൈസ്തവ മതപീഡനത്തിന്റെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം നാഗാസാക്കിയിൽ തുറന്നു. രാജ്യത്തെ ഏറ്റവും പുരാതന ദേവാലയമായ നാഗാസാക്കിയിലെ ഔറാ പള്ളിയുടെ അങ്കണത്തിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജപ്പാനില്‍ കത്തോലിക്ക വിശ്വാസത്തിന്റെ വരവ്, 1600-കളില്‍ നിലനിന്നിരുന്ന മതപീഡനം തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്നതാണ് മ്യൂസിയം. ഇക്കഴിഞ്ഞ ഏപ്രില്‍ 1-നാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ക്രൈസ്തവ വിശ്വാസത്തിന് നിരോധനമുണ്ടായിരുന്ന കാലഘട്ടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ‘മരിയ കാനോന്‍’ എന്ന പരിശുദ്ധ മറിയത്തിന്റെ ബുദ്ധിസ്റ്റ് രൂപം മ്യൂസിയത്തിന്റെ സവിശേഷതയാണ്.

1549-ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തെ എത്തിക്കുന്നത്. 1614 മുതല്‍ 1867 വരെ ജപ്പാന്‍ ഭരിച്ചിരുന്ന ടോക്കുഗാവ ഷോഗുണേറ്റ് ഭരണകൂടം രാജ്യത്തു ക്രൈസ്തവ വിശ്വാസം നിരോധിച്ചു. അക്കാലഘട്ടങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് കടുത്ത മത പീഡനം നേരിടേണ്ടി വന്നിരുന്നതിനാല്‍ വിശ്വാസികള്‍ ഒളിവിലാണ് കഴിഞ്ഞിരുന്നത്. 1873-ലെ ഭരണമാറ്റത്തോടെയാണ് ഈ നിരോധനം പിന്‍വലിക്കുന്നത്. ഈ ചരിത്രമെല്ലാം സന്ദര്‍ശകര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയാണ് നാഗസാക്കിയിലെ മ്യൂസിയം.

ജപ്പാനില്‍ നിന്നും ക്രൈസ്തവ വിശ്വാസം തുടച്ചു നീക്കപ്പെട്ടുവെന്നാണ് വിശ്വസിച്ചിരുന്നതെന്നും നാഗസാക്കിയിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ അത്ഭുതപ്പെടുകയാണെന്നും മ്യൂസിയത്തിന്റെ ആദ്യ സന്ദര്‍ശകരില്‍ ഒരാളായ നാറ്റ്സുമി സാറ്റര്‍ പറയുന്നു. യുനെസ്കോ പൈതൃക പട്ടികയിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്ന ഔറാ ദേവാലയ പരിസരത്തെ മ്യൂസിയത്തിലേക്ക് നിരവധി സന്ദര്‍ശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. 1597-ല്‍ കുരിശില്‍ തറച്ച് കൊല്ലപ്പെട്ട 26 ക്രിസ്ത്യന്‍ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി 1962-ൽ നാഗസാക്കിയില്‍ മറ്റൊരു മ്യൂസിയവും തുറന്നിരിന്നു.

More Archives >>

Page 1 of 306