News - 2025
ക്രിസ്തീയ യൂറോപ്പിനായി ഓര്‍ബന്‍ വീണ്ടും അധികാരത്തില്‍
സ്വന്തം ലേഖകന്‍ 10-04-2018 - Tuesday
ബുഡാപെസ്റ്റ്: യൂറോപ്പിന് മുന്നില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ഭൂരിപക്ഷം സ്വന്തമാക്കി വീണ്ടും അധികാരത്തിലേറി. 199 അംഗ പാർലമെന്‍റിൽ വിക്ടർ ഓർബാന്‍റെ വലതുപക്ഷ പാർട്ടി 133 സീറ്റുകൾ നേടി മൂന്നിൽ രണ്ടു ഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരം സ്വന്തമാക്കിയത്. ഫിഡെസ്, ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രവർത്തകരെ അനുമോദിച്ച ഓർബൻ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്ത സേവനത്തിനും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്നും പറഞ്ഞു.
സ്വതന്ത്ര വ്യക്തിത്വമുള്ള ഹംഗറി വേണോ അതോ കുടിയേറ്റക്കാരുടെ രാജ്യമായ ഹംഗറി വേണോ എന്നതായിരുന്നു തെരഞ്ഞെടുപ്പിൽ ഓർബാൻ ജനങ്ങള്‍ക്ക് മുന്നില്‍ ഉയർത്തിയ ചോദ്യങ്ങൾ. അതിനു ഹംഗറിയിലെ ഭൂരിപക്ഷം വരുന്ന സമ്മതിദായകർ വ്യക്തമായ ഉത്തരം നൽകുകയായിരിന്നു. ക്രൈസ്തവ വിശ്വാസത്തിനു ബലക്ഷയം സംഭവിച്ച യൂറോപ്പ് പഴയ ക്രിസ്തീയ സംസ്ക്കാരത്തിലേക്ക് മടങ്ങണമെന്ന് പലതവണ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാവാണ് വിക്ടര്‍ ഓര്‍ബന്‍.
പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുവാന്‍ തന്റെ രാജ്യം എപ്പോഴും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിന്നു. ഇതിന്റെ നേര്‍സാക്ഷ്യമായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് കൈമാറിയത്.