News - 2025

മലങ്കര കത്തോലിക്ക സഭയില്‍ പിന്‍തുടര്‍ച്ചാവകാശമുള്ള രണ്ട് മെത്രാന്‍മാര്‍

സ്വന്തം ലേഖകന്‍ 11-04-2018 - Wednesday

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കു പത്തനംതിട്ടയിലും മൂവാറ്റുപുഴയിലും പിൻതുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) പുതിയ മെത്രാൻമാരെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നിയമിച്ചു. നിലവിലുള്ള ബിഷപ്പുമാർ സ്ഥാനമൊഴിയുമ്പോൾ ഡോ. സാമുവൽ മാർ ഐറേനിയസ് പത്തനംതിട്ട രൂപതയിലും ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മൂവാറ്റുപുഴ രൂപതയിലും അധ്യക്ഷൻമാരാകും. മലങ്കര കത്തോലിക്കാ സഭയുടെ സൂനഹദോസ് തീരുമാനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതനുസരിച്ചായിരുന്നു പ്രഖ്യാപനം.

ഇന്നലെ ഉച്ചകഴിഞ്ഞു 3.30 നു പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും സാന്നിധ്യത്തില്‍ കർദ്ദിനാൾ മാർ ബസേലിയോസ് ബാവയാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തേ തുടര്‍ന്ന് സാമുവല്‍ മാര്‍ ഐറേനിയോസിനെ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റോമും ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസിനെ ബിഷപ് ഡോ. എബ്രഹാം മാര്‍ യൂലിയോസും ഷാള്‍ അണിയിച്ചു.

ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് ഇപ്പോള്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായമെത്രാനും ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററില്‍ കൂരിയാ മെത്രാനും യൂറോപ്പിലേയും ഓഷ്യാനായിലേയും അപ്പസ്‌തോലിക വിസിറ്ററുമായി പ്രവര്‍ത്തിച്ചു വരികയാണ്. ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് നാളെ ഉച്ചയ്ക്കു 12 ന് മൂവാറ്റുപുഴയിലും സാമുവല്‍ മാര്‍ ഐറേനിയോസ് ഈ മാസം 29 ന് ഉച്ചകഴിഞ്ഞു മൂന്നിന് പത്തനംതിട്ടയിലും കോഅഡ്ജുത്തൂര്‍ ബിഷപ്പുമാരായി ഔദ്യോഗിക ചുമതലയേല്‍ക്കും.

More Archives >>

Page 1 of 306