News - 2025
മുംബൈയിൽ ക്രൂശിത രൂപത്തിന് നേരെ വീണ്ടും ആക്രമണം
സ്വന്തം ലേഖകന്‍ 14-04-2018 - Saturday
ന്യൂഡൽഹി: മുംബൈ ഖാർ പ്രവിശ്യയിലെ ക്രൂശിത രൂപത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ഖാറിലെ ചുയിം ഗോതാനിൽ സ്ഥാപിച്ചിരിക്കുന്ന ക്രൂശിത രൂപത്തിന് താഴെ 'യേശു സ്നേഹിക്കുന്നില്ല' എന്ന് അക്രമികള്‍ പെയിന്റിൽ എഴുതി ചേർത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സമാധാനപ്രിയരായ ക്രൈസ്തവ സമൂഹത്തെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അക്രമം നടന്നതെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. കുരിശ് തകർക്കപ്പെട്ടതിൽ ഏറെ വേദനയുണ്ടെന്നു വിശ്വാസികൾ പ്രതികരിച്ചു.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിൽ ആത്മസംതൃപ്തി കണ്ടെത്തുന്ന അക്രമികളുടെ സംഘമാണ് സംഭവത്തിന് പിന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിർഭാഗ്യവശാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്ന് ബോംബെ കത്തോലിക്ക അൽമായ കൂട്ടായ്മയുടെ അദ്ധ്യക്ഷ റീത്ത ഡിസൂസ പ്രതികരിച്ചു. ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ നേതൃത്വം സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു.
രാത്രി കാലങ്ങളിൽ ദേവാലയങ്ങളും കപ്പേളകളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പോലീസിന്റെ പെട്രോളിങ്ങ് ഊർജിതമാക്കണമെന്നു വാച്ച്ഡോഗ് ഫൗണ്ടേഷൻ വക്താവ് ഗോഡ്ഫ്രേ പിമെന്റ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുകയെന്ന ഉദ്ദേശമാണ് മുബൈ നഗരത്തിൽ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വാച്ച്ഡോഗ് ഫൗണ്ടേഷൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും ഖാർ പോലീസ് പറഞ്ഞു. മുംബൈയിൽ നിരവധി തവണ ഇതിന് മുൻപും ക്രൂശിത രൂപങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്.