News - 2025
പരിസ്ഥിതി സൗഹൃദ റേസ് കാറിന് പാപ്പയുടെ ആശീര്‍വ്വാദം
സ്വന്തം ലേഖകന്‍ 13-04-2018 - Friday
വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര മത്സരമായ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പരിസ്ഥിതി സൗഹൃദ റേസ് കാറിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വ്വാദം. ഏപ്രില്‍ 11 ബുധനാഴ്ച വത്തിക്കാനില്‍ പതിവുളള പൊതുകൂടിക്കാഴ്ച പരിപാടിയ്ക്കു തൊട്ടുമുന്‍പാണ് പാപ്പ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ ആശീര്‍വ്വദിച്ചു നല്കിയത്. ഇലക്ട്രിക് കാറുകളുടെ ഓട്ട മത്സരം നാളെ റോമില്‍ നടക്കുവാനിരിക്കെ പാപ്പയുടെ അനുഗ്രഹം തേടി ചാമ്പ്യന്‍ഷിപ്പിന്റെ മാനേജര്‍മാരും ഡ്രൈവര്‍മാരും മെക്കാനിക്കുകളും അടങ്ങിയ സംഘം കാണാനെത്തുകയായിരുന്നു.
200 കിലോവാട്സ് വൈദ്യുതിശക്തിയുള്ള ബാറ്ററിയില്‍ ഓടുന്ന കാറിന് 240 കുതിര ശക്തിയുണ്ടെന്ന് സംഘാടകര്‍ പാപ്പായ്ക്കു വിശദീകരിച്ച് നല്കി. പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനങ്ങളുടെ ഉപയോഗം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനും, പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടണം എന്ന മാര്‍പാപ്പയുടെ പ്രബോധനത്തോടു ചേര്‍ന്നുനിന്നുകൊണ്ടുമാണ് ഫോര്‍മുല-ഇ മുന്നേറുന്നതെന്ന് സംഘാടകര്‍ക്കുവേണ്ടി മാത്യു ദിയോണ്‍ പറഞ്ഞു.