News - 2025
അമേരിക്കന്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങളുമായി 'കാര സര്‍വ്വേ'
സ്വന്തം ലേഖകന്‍ 25-04-2018 - Wednesday
വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ വൈദിക പരിശീലനം നടത്തുന്ന സെമിനാരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങളുമായി സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റലേറ്റ് (CARA). അമേരിക്കന്‍ ബിഷപ്പ് കമ്മിറ്റിയുടെ ക്ലര്‍ജി, കോണ്‍സക്രേറ്റഡ് ലൈഫ് ആന്‍ഡ് വൊക്കേഷന്‍ സെക്രട്ടറിയേറ്റിനുവേണ്ടി ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാല കേന്ദ്രീകൃതമായിട്ടുള്ള ‘സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റലേറ്റ്’ വര്‍ഷം തോറും ഈ സര്‍വ്വേ നടത്താറുണ്ട്. ഇക്കൊല്ലം വൈദിക പരിശീലനം നടത്തുന്ന 78% പേരില്‍ നിന്നും തങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചതായി 'കാര' വ്യക്തമാക്കി.
ഇതില്‍ 252 പേര്‍ രൂപതാ വൈദികരാകുവാനും, 78 പേര്‍ വിവിധ സന്യാസ സഭാ പുരോഹിതരാകുവാനും പരിശീലനം നടത്തുന്നവരാണ്. 2018-ല്‍ വൈദിക പരിശീലനം നടത്തുന്നവരില്‍ 90 ശതമാനവും തങ്ങളുടെ ശൈശവകാലത്ത് മാമ്മോദീസ സ്വീകരിച്ചവരാണെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. വൈകി മാമ്മോദീസ മുങ്ങിയവരുടെ ശരാശരി പ്രായം 26 ആണ്. പൗരോഹിത്യ പട്ട പരിശീലനം നടത്തുന്ന അഞ്ചില്‍ നാലുപേരുടെയും അതായത് 83% പേരുടേയും മാതാപിതാക്കള്‍ ശൈശവത്തില്‍ തന്നെ കത്തോലിക്കരായിരുന്നു. വൈദികാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാളുടെ സ്വന്തക്കാരില്‍ പുരോഹിതരോ, കന്യാസ്ത്രീകളോ ഉള്ളതായും സര്‍വ്വേയില്‍ നിന്നും വ്യക്തമായി.
അതേസമയം കഴിഞ്ഞ വര്‍ഷം 590 പേര്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഇക്കൊല്ലം 430 പേര്‍ മാത്രമാണ് സെമിനാരിയില്‍ ചേര്‍ന്നിട്ടുള്ളത്. ഇക്കൊല്ലം വൈദികപട്ടം സ്വീകരിക്കാനിരിക്കുന്നവരില്‍ 86 ശതമാനവും തങ്ങളുടെ ഇടവക വികാരി, സുഹൃത്ത് അല്ലെങ്കില്‍ ഇടവകാംഗം തുടങ്ങിയവരുടെ പ്രചോദനത്താല്‍ തിരുപ്പട്ട പരിശീലനത്തിനു എത്തിയവരാണെന്ന്‍ സര്‍വ്വേ പറയുന്നു. വൈദിക പരിശീലനം നടത്തുന്നവരില്‍ നാലില്‍ മൂന്ന്‍ പേരും അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവര്‍ തന്നെയാണ്.
വിദേശത്തുള്ളവരില്‍ കൂടുതല്‍ പേരും മെക്സിക്കോ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. സെമിനാരിയില്‍ ചേരുന്നതിനു മുന്‍പ് തന്നെ ‘കം ആന്‍ഡ് സീ’ പോലെയുള്ള ദൈവവിളിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവരുടെ എണ്ണവും പകുതിയോളം വരും. അമേരിക്കന്‍ കത്തോലിക്ക സഭയുടെ ഭാവിയെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് 'കാര'യുടെ ഇക്കൊല്ലത്തെ സര്‍വ്വേഫലമെന്ന് യുഎസ് ബിഷപ്പ് കമ്മിറ്റിയുടെ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ പറഞ്ഞു.