News
മാരോണൈറ്റ് സഭയ്ക്കു ഗള്‍ഫ് മേഖലയില്‍ ആദ്യ ദേവാലയം
സ്വന്തം ലേഖകന്‍ 24-04-2018 - Tuesday
ദോഹ: കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തുകളിലൊന്നായ മാരോണൈറ്റ് സഭയ്ക്കു ഗള്‍ഫ് മേഖലയില്‍ പ്രഥമ ദേവാലയം. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് പ്രഥമ മാരോണൈറ്റ് ദേവാലയം നിര്‍മ്മിക്കുന്നത്. ദേവാലയത്തിന്റെ ശിലാസ്ഥാപനം സഭാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലെബനനിലെ മാരോണൈറ്റ് സന്യാസിയായിരിന്ന വിശുദ്ധ ചര്‍ബെലിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന് തറക്കല്ലിട്ടത്. സർക്കാർ അധികൃതരാണ് ദേവാലയത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്.
ഖത്തറില്‍ ഇരുപത്തിഅയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ലെബനീസ് പൗരന്മാരാണ് വസിക്കുന്നത്. ഇസ്ളാമിക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാത്രിയാര്‍ക്കീസ് ബേച്ചാര കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ സന്ദര്‍ശിച്ചു സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. മാരോണൈറ്റ് സഭയ്ക്ക് ലെബനനു പുറമേ സിറിയയിലും സൈപ്രസിലും സാന്നിധ്യമുണ്ട്. വ്യാഴാഴ്ച ഖത്തറില്‍ എത്തിയ പാത്രിയാര്‍ക്കീസ് ബേച്ചാര ഗവണ്‍മെന്‍റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തി. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനാണ് പാത്രിയാര്‍ക്കീസ് ബേച്ചാര.