News - 2025
വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തില്‍ ഇനി വനിതകളും
സ്വന്തം ലേഖകന്‍ 23-04-2018 - Monday
വത്തിക്കാന്‍: കത്തോലിക്ക സഭയുടെ കേന്ദ്ര ഭരണ സംവിധാനമായ റോമന്‍ കൂരിയായില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മൂന്നു വനിതകള്‍ക്ക് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിലെ കണ്‍സള്‍ട്ടന്റ്മാരായി ഫ്രാന്‍സിസ് പാപ്പാ നിയമനം നല്‍കി. ഏപ്രില്‍ 21 ശനിയാഴ്ചയായിരുന്നു വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇറ്റലി സ്വദേശിനികളായ രണ്ട് പേരും, ഒരു ബെല്‍ജിയന്‍ സ്വദേശിനിയുമാണ് തിരുസംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അല്‍മായ കുടുംബ ഡിക്കാസ്റ്ററിയിലെ അല്‍മായ വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറിയായ ഡോ. ലിന്‍ഡ ഗിസോണി, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്ര അധ്യാപികയായ പ്രൊഫ. മിഷേലിന ടെനാസ്, പാരീസിലെ കോളേജ് ഡെസ് ബെര്‍ണാഡിന്‍സില്‍ ദൈവശാസ്ത്ര പ്രൊഫസര്‍ ലെറ്റീഷ്യ കാല്‍മെയിന്‍ എന്നിവര്‍ക്കാണ് വിശ്വാസ തിരുസംഘത്തില്‍ നിയമനം ലഭിച്ചിരിക്കുന്നത്.
ഇവര്‍ക്ക് പുറമേ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഫാ. സെര്‍ജിയോ പാവ്ലോ ബോനാനി, റോമിലെ ലാറ്ററന്‍ സര്‍വ്വകലാശാലയിലെ സിവില്‍, കാനന്‍ നിയമ പരിപാലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ ഫാ. മാനുവല്‍ ജീസസ് അറോബാ കൊണ്ടെ എന്നീ വൈദികര്‍ക്കും വിശ്വാസ തിരുസംഘത്തില്‍ നിയമനം ലഭിച്ചിട്ടുണ്ട്.
എല്ലാ വത്തിക്കാന്‍ തിരുസംഘങ്ങള്‍ക്കും പൊന്തിഫിക്കല്‍ സമിതികള്‍ക്കും പാപ്പമാര്‍ നിയമനം നല്‍കുന്ന കണ്‍സള്‍ട്ടന്റ്മാരുണ്ട്. പരിഹരിക്കപ്പെടേണ്ടതോ, കൂടുതല്‍ പഠനം നടത്തേണ്ടതോ ആയ പ്രശ്നങ്ങളില്‍ ഉപദേശവും അഭിപ്രായവും നല്‍കുക എന്നതാണ് കണ്‍സള്‍ട്ടന്റ്മാരുടെ ദൗത്യം. ഇതുവരെ വത്തിക്കാന്റെ 9 തിരുസംഘങ്ങളിലും കണ്‍സള്‍ട്ടന്റ്മാരായി നിയമനം ലഭിച്ചിരുന്നത് പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പയാണ് ഈ ചരിത്രം തിരുത്തിക്കുറിച്ചത്.
1542-ല്‍ പാഷണ്ഡതയേയും, മതവിരുദ്ധതയേയും ചെറുക്കുക എന്ന ലക്ഷ്യത്തോടെ പോള്‍ മൂന്നാമന്‍ പാപ്പയാണ് ‘വിശ്വാസ തിരുസംഘം’ (CDF) സ്ഥാപിച്ചത്. 1998-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ആഗോളതലത്തില്‍ കത്തോലിക്ക വിശ്വാസ സത്യങ്ങളെ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ തിരുസംഘത്തെ നവീകരിച്ചിരിരുന്നു. വത്തിക്കാന്‍ തിരുസംഘങ്ങളില്‍ ഏറ്റവും പഴക്കമുള്ള തിരുസംഘമാണ് വിശ്വാസ തിരുസംഘം.