News - 2025

മാമ്മോദീസ പരിശുദ്ധാരൂപിയുടെ ദാനം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 26-04-2018 - Thursday

വത്തിക്കാന്‍ സിറ്റി: മാമ്മോദീസാ മാന്ത്രിക സൂത്രവാക്യമല്ല, മറിച്ച് പരിശുദ്ധാരൂപിയുടെ ദാനമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മാമ്മോദീസായെ കുറിച്ചു തന്റെ പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായാണ് പാപ്പ സന്ദേശം നല്‍കിയത്. മാമ്മോദീസത്തൊട്ടിയുടെ സമീപത്തേക്കു ഒറ്റയ്ക്കല്ല, മറിച്ച് സഭ മുഴുവന്‍റെയും പ്രാര്‍ത്ഥനയാല്‍ അനുഗതരായിട്ടാണ് ഒരുവന്‍ പോകുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

മാമ്മോദീസായെ അധികരിച്ചുള്ള വിചിന്തനം ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ നമ്മുക്ക് തുടരാം. മാമ്മോദീസാ, സവിശേഷമാം വിധം, വിശ്വാസത്തിന്‍റെ കൂദാശയാണ്, കാരണം അത് വിശ്വാസജീവിതത്തിലേക്കുള്ള പ്രവേശനത്തെ കുറിക്കുന്നു. കുഞ്ഞുങ്ങളെ ഉത്ഭവപാപത്തില്‍ നിന്നു മോചിപ്പിക്കാനും പരിശുദ്ധാരൂപിയുടെ വാസയിടമായി അവരെ മാറ്റാനും പുരോഹിതന്‍ അവര്‍ക്കു വേണ്ടി ദൈവത്തോട് യാചിക്കുന്നു. മാമ്മോദീസാ ഒരു മാന്ത്രിക സൂത്രവാക്യമല്ല, പ്രത്യുത, പരിശുദ്ധാരൂപിയുടെ ദാനമാണ്.

സാത്താന്‍റെ അധികാരം ഇല്ലാതാക്കുകയും ദുഷ്ടാരൂപിയുടെ അന്ധകാരത്തില്‍ നിന്ന് മനുഷ്യനെ അനന്തമായ വെളിച്ചത്തിന്‍റെ സാമ്രാജ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനാണ് ദൈവം സ്വസുതനെ ലോകത്തിലേക്കയച്ചതെന്ന് വിശ്വസിച്ചുകൊണ്ട് തിന്മയുടെ അരൂപിക്കെതിരെ പോരാടാന്‍ പരിശുദ്ധാരൂപിയുടെ ഈ ദാനം സ്വീകരിക്കുന്നവനെ മാമ്മോദീസ പ്രാപ്തനാക്കുന്നു. പ്രാര്‍ത്ഥനയ്ക്കു പുറമെ, സ്നാര്‍ത്ഥികള്‍ക്കായുള്ള തൈലം നെഞ്ചില്‍ പൂശുന്ന ഒരു ചടങ്ങുമുണ്ട്. സ്നാനത്തൊട്ടിയെ സമീപിക്കുകയും പുതുജീവനിലേക്ക് വീണ്ടും ജനിക്കുകയും ചെയ്യുന്നതിനു മുമ്പ് സാത്താനെയും പാപത്തെയും ഉപേക്ഷിക്കാനുള്ള ശക്തി അതുവഴി ആര്‍ജ്ജിക്കുന്നു.

രക്ഷകനായ ക്രിസ്തുവിന്‍റെ ശക്തി തിന്മയ്ക്കെതിരെ പോരാടുന്നതിനും ജയിക്കുന്നതിനും ശക്തി പകരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. തിന്മയ്ക്കെതിരെ പോരാടുകയും അതിന്‍റെ കെണികളില്‍ നിന്നു രക്ഷപ്പെടുകയും കഠിനമായ ഒരു പോരാട്ടത്തിനു ശേഷം പൂര്‍വ്വസ്ഥിതിയിലേക്കു വരുകയും ചെയ്യുക ആയാസകരമാണ്. എന്നാല്‍ നാമറിയണം, ക്രിസ്തീയജീവിതം മുഴുവന്‍ ഒരു പോരാട്ടമാണ്. എന്നാല്‍ നാം ഒറ്റയ്ക്കല്ല, സഭാമാതാവ് സ്വന്തം മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. പാപ്പ പറഞ്ഞു. ഉത്തര-ദക്ഷിണകൊറിയ ചര്‍ച്ചകള്‍ ഫലവത്താകാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും തന്റെ സന്ദേശത്തിന് ഒടുവില്‍ പാപ്പ വിശ്വാസഗണത്തെ ഓര്‍മ്മിപ്പിച്ചു.

More Archives >>

Page 1 of 312