News - 2025
ചൈനീസ് സര്‍ക്കാര്‍ വീണ്ടും ദേവാലയം അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍ 26-04-2018 - Thursday
ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നടപടികളുടെ തുടര്‍ച്ചയായി രാജ്യത്തു മറ്റൊരു കത്തോലിക്ക ദേവാലയം കൂടി അടച്ചു പൂട്ടി. കത്തോലിക്ക വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന ഹെനാന്‍ പ്രവിശ്യയിലെ ഷുമദിയൻ രൂപതയുടെ കീഴിലെ ഗദാസാങ്ങ് ദേവാലയമാണ് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തത്. ദേവാലയത്തിന്റെ മുഖ്യ കവാടങ്ങൾ ഏപ്രിൽ 24 ന് അധികൃതർ സീൽ ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭരണകൂടം ഔദ്യോഗികമായി നിയമിച്ച വൈദികനാണെങ്കിലും ദേവാലയത്തിന് പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ അധികൃതര്‍ വാദിക്കുന്നത്.
ഇതിനിടെ മുന്നോട്ട് ദേവാലയം റജിസ്റ്റർ ചെയ്യാനോ തുറക്കാനോ ഭരണകൂടം അനുവദിക്കില്ലായെന്ന് അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് എതിരെ കത്തോലിക്ക വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്ത്യന്‍ ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രാർത്ഥന ആവശ്യമാണെന്ന് ഇടവക വൈദികൻ പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു ദേവാലയം സീല്‍ ചെയ്യപ്പെട്ട ഹെനാൻ പ്രവിശ്യയിലെ പത്തു രൂപതകളില്‍ എട്ടാമത്തെ രൂപതയാണ് ഷുമദിയൻ. കഴിഞ്ഞ മാർച്ചിൽ പ്രവിശ്യയുടെ പ്രൊവിൻഷ്യലായി നിയമിതനായ വാങ് ഗോഷെങ്ങിന്റെ നിര്‍ദ്ദേശപ്രകാരമാണ് ദേവാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ ആരംഭിച്ചത്.
ചൈനയിലെ ഹെനാന്‍, സിന്‍ജിയാംഗ് പ്രവിശ്യകളിലെ പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളെ വിശുദ്ധ കുര്‍ബാനയിലും മതബോധന ക്ലാസിലും പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തികൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് സര്‍ക്കാര്‍ അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകളും, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രജിസ്ട്രേഷനും റദ്ദാക്കപ്പെടുമെന്ന ഭീഷണിയുമുണ്ട്. ചൈനയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ തടയുക എന്നതാണ് ഈ നടപടികളുടെ പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.