News - 2025
പാവങ്ങള്‍ക്കു പിന്തുണ നല്‍കി; കന്യാസ്ത്രീയോട് നാടുവിടണമെന്ന് ഫിലിപ്പീന്‍സ്
സ്വന്തം ലേഖകന്‍ 26-04-2018 - Thursday
മനില: കഴിഞ്ഞ മുപ്പതുവര്‍ഷമായി പ്രേഷിത വേല ചെയ്തു വന്നിരിന്ന കത്തോലിക്ക കന്യാസ്ത്രീയോട് കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലികളില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ നാടുവിടണമെന്ന് ഫിലിപ്പീന്‍സ്. 30 ദിവസങ്ങള്‍ക്കുള്ളില്‍ ഫിലിപ്പീന്‍സ് വിട്ടുപോകണമെന്നാണ് എഴുപത്തിയൊന്നുകാരിയായ സിസ്റ്റര്‍ പട്രീഷ്യ ഫോക്സിന് ലഭിച്ചിരിക്കുന്ന ഉത്തരവ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കന്യാസ്ത്രീയുടെ മിഷ്ണറി വിസയും മറ്റ് രേഖകളും ഇമ്മിഗ്രേഷന്‍ ബ്യൂറോ റദ്ദാക്കിയിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ഫിലിപ്പീന്‍സില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തന്റെ വിസയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളും, ഉപാധികളും, അനുവദിക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സിസ്റ്റര്‍ ഫോക്സിന് ലഭിച്ച ഉത്തരവില്‍ പറയുന്നു.
നേരത്തെ സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ അവരുടെ കോണ്‍വെന്റില്‍ നിന്നുമാണ് അധികാരികള്‍ അറസ്റ്റ് ചെയ്തത്. ഏതാണ്ട് 22 മണിക്കൂറോളം ചോദ്യം ചെയ്തശേഷം തക്കതായ കാരണമില്ലാത്തതിനാല്‍ സിസ്റ്ററിനെ വിട്ടയക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് സിസ്റ്ററിന് ഫിലിപ്പീന്‍സ് വിട്ടുപോകുവാനുള്ള ഉത്തരവ് ലഭിക്കുന്നത്. കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി ഫിലിപ്പീന്‍സിലെ ഗ്രാമപ്രദേശങ്ങളില്‍ പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്തുവന്നിരുന്ന സിസ്റ്റര്‍ ഫോക്സ് സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍ സന്യാസിനീ സഭയുടെ സുപ്പീരിയറാണ്.
ടാഗും നഗരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായി കൊണ്ടിരിക്കുന്ന കൃഷിക്കാര്‍ക്കൊപ്പം നില്‍ക്കുകയും മനുഷ്യാവകാശ ലംഘനത്തിനെതിരായ ജാഥയില്‍ പങ്കെടുത്തതുമാണ് തന്റെ നാടുകടത്തലിന്റെ കാരണമെന്ന് ഫോക്സ് പറയുന്നു. “താന്‍ പങ്കെടുത്തത് രാഷ്ട്രീയ ജാഥയിലല്ല മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയിലാണ്. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ദൈവവിളി, അതിനാല്‍ ഇതും മിഷ്ണറി പ്രവര്‍ത്തനം തന്നെയാണ്”. സിസ്റ്റര്‍ ഫോക്സ് വിവരിച്ചു. മനിലയിലെ സഹായ മെത്രാനായ ബ്രോഡെറിക്ക് പാബില്ലോയും കന്യാസ്ത്രീയെ നാടുകടത്തുവാനുള്ള തീരുമാനത്തെ അപലപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അപ്പീല്‍ ഫയല്‍ ചെയ്യുവാനാണ് സിസ്റ്ററിന്റെ തീരുമാനം.