News
ജീവനു വേണ്ടി ശബ്ദമുയര്‍ത്തി ലണ്ടനിൽ 'മാർച്ച് ഫോർ ലൈഫ്'
സ്വന്തം ലേഖകന്‍ 07-05-2018 - Monday
ലണ്ടൻ: ജീവന്‍ അമൂല്യമാണെന്ന് പ്രഘോഷിച്ചുകൊണ്ട് പ്രോലൈഫ് സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ലണ്ടനിൽ മാർച്ച് ഫോർ ലൈഫ് റാലി നടന്നു. യുവജനങ്ങളും കുട്ടികളും അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി ശനിയാഴ്ചയാണ് നടന്നത്. ട്രാഫൽഗാർ സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രോലൈഫ് റാലി പാർലമെന്‍റ് സ്ക്വയറിലാണ് സമാപിച്ചത്. ലോകപ്രശസ്ത അമേരിക്കൻ ഗായിക ജോയ് വില്ല റാലിയുടെ മുന്നില്‍ അണിനിരന്നുവെന്നത് ശ്രദ്ധേയമായി. ഗുഡ് കൗൺസിൽ നെറ്റ് വർക്ക് അംഗമായ ക്ലയർ മക്കലോഗ് റാലിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
അബോർഷൻ ക്ലിനിക്കിന് സമീപം ബഫർ സോൺ പ്രഖ്യാപിച്ച ഈലിങ്ങ് കൗൺസലിംഗ് നടപടിയെ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. വെസ്റ്റ്മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പ് ജോണ്‍ വില്‍സണ്‍, പൈസ്ലി രൂപതാദ്ധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോൺ കീനൻ തുടങ്ങീ നിരവധി മെത്രാന്മാരും പ്രോലൈഫ് റാലിയില്‍ പങ്കെടുത്തു. പൊതുവേദിയിൽ ജീവന്റെ വക്താക്കളാകുമ്പോള്‍ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും അവ തരണം ചെയ്യണമെന്നും ആർച്ച് ബിഷപ്പ് ജോൺ കീനൻ വ്യക്തമാക്കി.
"ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് മുന്നിൽ ധൈര്യപൂര്‍വ്വം ജീവന്റെ വക്താക്കളാകുവാനും അതുവഴി മറ്റൊരു തലമുറയ്ക്കു വേണ്ടിയുള്ള വിത്ത് പാകാനും സാധിക്കണമെന്നും ഭ്രൂണഹത്യയ്ക്കെതിരെയുള്ള ജീവന്റെ സംരക്ഷകരാകാൻ ഓരോരുത്തരുടെയും സന്നദ്ധത അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെ വാര്‍ഷികത്തിലാണ് ഓരോ വർഷവും യുകെയിൽ മാർച്ച് ഫോർ ലൈഫ് നടത്തി വരുന്നത്. 2012 ൽ ബിര്‍മിംഗ്ഹാം പ്രോലൈഫ് പ്രവർത്തകരുടെ കൂട്ടായ്മയിൽ ആരംഭിച്ച മാർച്ച് ഫോർ ലൈഫ് ആദ്യമായാണ് തലസ്ഥാന നഗരമായ ലണ്ടനിൽ സംഘടിപ്പിക്കുന്നത്.