News - 2025
സൗദിയില്‍ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 05-05-2018 - Saturday
റിയാദ്: തീവ്ര ഇസ്ളാമിക രാജ്യമായ സൗദിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച കരാര്‍ വത്തിക്കാനുമായി സൗദി ഒപ്പിട്ടതായി മിഡില്‍ ഈസ്റ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയിലി മെയിൽ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അറേബ്യന്‍ മാധ്യമമായ അൽ ജസീറയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ അടുത്തിടെ സൗദി രാജാവുമായും രാജ്യത്തെ ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരിന്നു.
സന്ദര്‍ശനത്തിനിടെ ദേവാലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കികൊണ്ടുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടതായാണ് മിഡില്‍ ഈസ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. തന്റെ സൗദി സന്ദര്‍ശനത്തിനിടെ ക്രിസ്ത്യാനികളെ രണ്ടാം പൗരന്‍മാരായി കാണരുതെന്നു അധികാരികളോട് പറഞ്ഞതായി വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ എഴുപത്തിയഞ്ചുകാരനായ കര്‍ദ്ദിനാള്‍ വെളിപ്പെടുത്തിയിരിന്നു. ദേവാലയ അനുമതിയില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍.