News - 2025

സെന്റ് സ്റ്റീഫന്‍സ് കോളേജിലെ വര്‍ഗ്ഗീയ ചുവരെഴുത്ത്; ശ്രദ്ധ തിരിക്കാന്‍ വീണ്ടും വാക്കുകള്‍

സ്വന്തം ലേഖകന്‍ 07-05-2018 - Monday

ന്യൂഡല്‍ഹി: ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലിനു പുറത്തും കുരിശ് രൂപത്തിലും വര്‍ഗീയവിദ്വേഷം പരത്തുന്ന വാചകങ്ങള്‍ എഴുതി വച്ചതില്‍ വ്യാപക പ്രതിഷേധം. അതേസമയം 'ക്ഷേത്രം നിര്‍മിക്കില്ല, കോളജ് ഇവിടെ തുടരും' എന്ന പുതിയ ചുവരെഴുത്ത് ഇന്നലെ ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാന്പസിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനോട് ചേര്‍ന്നുള്ള ഹിന്ദു കോളജിനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ പ്രത്യക്ഷപ്പെട്ടു. സംഘപരിവാര്‍ ശക്തികള്‍ തന്നെയാകും ശ്രദ്ധ തിരിക്കുന്നതിനായുള്ള പുതിയ ചുവരെഴുത്തിനു പിന്നിലെന്ന് സെന്റ് സ്റ്റീഫന്‍സ്, ഹിന്ദു കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബസ് ഷെല്‍ട്ടറിലെ വലിയ പരസ്യബോര്‍ഡില്‍ ചുവന്ന നിറത്തിലാണ് ഈ എഴുത്ത്. കോളജുകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കണമെന്ന് (സ്മാഷ് ഓട്ടോണമി) ഇതേ ബസ് ഷെല്‍ട്ടറിന്റെ വശത്തുള്ള മറ്റൊരു ബോര്‍ഡിലും എഴുതിയിട്ടുണ്ട്. അയോധ്യയിലെ അജന്‍ഡയുടെ പ്രാദേശികമായ വ്യതിയാനം മാത്രമാണ് ക്രൈസ്തവ ചാപ്പലിനെ സൗജന്യമായി അമ്പലമാക്കുമെന്ന ചുവരെഴുത്തെന്ന് സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. വല്‍സന്‍ തന്പു പറഞ്ഞു. സെന്റ് സ്റ്റീഫന്‍സ് കോളജിലെ സംഭവം കറുത്ത അധ്യായമാണെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും അവിടത്തെ മുന്‍ വിദ്യാര്‍ഥികളായ കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

സെന്റ് സ്റ്റീഫന്‍സ് കോളജ് ചാപ്പലിന്റെ വാതിലില്‍ മന്ദിര്‍ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നും കോളജിനു മുന്നിലെ കുരിശില്‍ ഐആം ഗോയിംഗ് ടു ഹെല്‍ (ഞാന്‍ നരകത്തിലേക്കു പോകുന്നു) എന്നും കറുത്ത അക്ഷരത്തില്‍ എഴുതിയിരുന്നു. ഓം എന്ന്‍ കുരിശില്‍ രേഖപ്പെടുത്തിയിരിന്നു. നേരത്തെ കോളജ് ചാപ്പലിനു പിന്നിലുള്ള ഒരു കുരിശ് അക്രമികള്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനോ കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാനോ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി പോലീസ് തയാറായിട്ടില്ല. തുടര്‍ച്ചയായ അക്രമ സംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്ത് തികഞ്ഞ അനാസ്ഥയുണ്ടെന്ന ആരോപണം വ്യാപകമാണ്.

More Archives >>

Page 1 of 316