News - 2025
വൈറ്റ് ഹൗസില്‍ വിശ്വാസ കാര്യാലയം ആരംഭിച്ച് ട്രംപ്
സ്വന്തം ലേഖകന്‍ 04-05-2018 - Friday
വാഷിംഗ്ടണ്‍: ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തോടനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിശ്വാസ കാര്യാലയത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ‘ദി വൈറ്റ്ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷേറ്റീവ്’ എന്ന പേരില്‍ ആരംഭം കുറിച്ച പുതിയ വിഭാഗത്തിന്റെ പ്രധാന കര്‍ത്തവ്യം മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നതാണ്. വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സമൂഹത്തിലെ മത-സാമുദായിക സംഘടനകളുമായി ക്രിയാത്മകവും, ഫലവത്തായ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള എല്ലാ അവസരങ്ങളും ഗവണ്‍മെന്റ് സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപിന്റെ ഏറ്റവും പുതിയ ഉത്തരവില്‍ പറയുന്നു.
പുതുതായി നിയമിക്കുന്ന വൈറ്റ്ഹൗസ് ഉപദേശകനായിരിക്കും ഈ വിഭാഗത്തെ നയിക്കുക. പ്രാര്‍ത്ഥന അമേരിക്കന്‍ ജീവിതത്തിന്റെ കേന്ദ്രമാണെന്നും വിശ്വാസികളുടെ രാഷ്ട്രമാണ് അമേരിക്കയെന്നും റോസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു. വാഷിംഗ്‌ടണ്‍ അതിരൂപതയിലെ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേള്‍ അടക്കമുള്ള ക്രൈസ്തവ നേതാക്കളും ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ പങ്കെടുത്തു. ദി കത്തോലിക് അസോസിയേഷനിലെ ആന്‍ഡ്രീ പിസിയോട്ടി പ്രസിഡന്റിന്റെ പുതിയ ഉത്തരവിനെ അഭിനന്ദിച്ചു.
നിയമം അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും ഭരണകൂടത്തെ അറിയിക്കുക എന്നതാണ് ‘ദി വൈറ്റ് ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷ്യെറ്റീവ്’-ന്‍റെ പ്രഥമ ഉത്തരവാദിത്വം. ഇതിനു പുറമേ, വിവിധ മത വിദഗ്ദരുമായി കൂടി ആലോചിക്കുകയും അവരുടെ ഉപദേശങ്ങള്‍ ആരായുകയും ചെയ്തശേഷം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ചുമതലയും കാര്യാലയത്തിനുണ്ട്. ട്രംപിന് മുന്‍പുണ്ടായിരുന്ന പ്രസിഡന്റുമാരും ഇത്തരം വിശ്വാസപരമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ‘ഓഫീസ് ഓഫ് ഫെയിത്ത് ബേസ്ഡ് ആന്‍ഡ് കമ്മ്യൂണിറ്റി ഇനീഷ്യെറ്റീവ്’ന് ആരംഭം നല്‍കിയെങ്കിലും പിന്നീട് വന്ന ബറാക്ക് ഒബാമ അതിനെ ‘ഓഫീസ് ഓഫ് ഫെയിത്ത് ബേസ്ഡ് നെയിബര്‍ഹുഡ് പാര്‍ട്ട്ണര്‍ഷിപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്യുകയാണ് ഉണ്ടായത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിനായി വിശ്വാസത്തില്‍ അധിഷ്ടിതമായ സാമുദായിക സംഘടനകളുമായി ‘ദി വൈറ്റ്ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷ്യെറ്റീവ്’ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ഉത്തരവില്‍ വ്യക്തമാക്കി.