News - 2025
'സൗദിയില്‍ ദേവാലയങ്ങള്‍ക്കു അനുമതി'; വാര്‍ത്ത വ്യാജമെന്ന് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 08-05-2018 - Tuesday
വത്തിക്കാന്‍ സിറ്റി: സൗദി അറേബ്യയായില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചെന്ന റിപ്പോര്‍ട്ട് തള്ളികളഞ്ഞു കൊണ്ട് വത്തിക്കാന്‍. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച കരാര്‍ വത്തിക്കാനുമായി സൗദി ഒപ്പിട്ടതായി 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്' എന്ന മിഡ്ഡില്‍ ഈസ്റ്റ് മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെയിലി മെയിൽ, അൽ ജസീറ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. ദിവസങ്ങള്‍ക്ക് ശേഷം വാര്‍ത്ത തെറ്റാണെന്ന് വത്തിക്കാന്‍ പ്രതിനിധി ഡെയിലി മെയില്‍ വക്താവിനെ അറിയിക്കുകയായിരിന്നു.
ഇതിനിടെ സൗദിയില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്' തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന്‍ വാര്‍ത്ത നീക്കം ചെയ്തു. വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ അടുത്തിടെ സൗദി രാജാവുമായും രാജ്യത്തെ ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്' വാര്‍ത്ത ചമയുകയായിരിന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.