News - 2025

ക്രൈസ്തവ കൂട്ടക്കൊല; സമാധാന പ്രാര്‍ത്ഥനാറാലിയുമായി നൈജീരിയന്‍ സഭ

സ്വന്തം ലേഖകന്‍ 17-05-2018 - Thursday

അബൂജ: തീവ്ര ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നൈജീരിയായിലെ ക്രൈസ്തവ ദേവാലയത്തിൽ നടത്തിയ ആക്രമണത്തിൽ മരണപ്പെട്ട വൈദികരുൾപ്പെടെ ഇരുപതോളം പേരുടെ അനുസ്മരണാർത്ഥം മെയ് 22ന് രാജ്യത്തെ വിവിധ രൂപതകളിൽ സമാധാന റാലികൾ സംഘടിപ്പിക്കും. മെയ് 22ന് നടക്കുന്ന ജപമാല പ്രദക്ഷിണത്തിലും പ്രാർത്ഥന റാലിയിലും രാജ്യത്തെ വിശ്വാസികളെല്ലാം പങ്കെടുക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ വൈദികർ ആഹ്വാനം ചെയ്തു. ഏപ്രിൽ 24ന് സെന്‍റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ദിവ്യബലി മദ്ധ്യേ ഫുലാനി സംഘം നടത്തിയ അക്രമം ആഗോള തലത്തില്‍ തന്നെ പ്രതിഷേധത്തിന് കാരണമായിരുന്നു.

വധിക്കപ്പെട്ടവരുടെ സ്മരണാർത്ഥം മെയ് 22 പ്രാദേശിക അവധി ദിനമായി ബെന്യൂ ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സമയോചിത ഇടപെടൽ ആവശ്യമാണെന്ന് നിരവധി തവണ ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 24 ന് ദേവാലയത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് , നൈജീരിയൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബുഹാരി രാജി വച്ച് ഒഴിയണമെന്നും മെത്രാൻ സമിതി പ്രസ്താവിച്ചിരിന്നു.

ആരാധനാലയങ്ങളിൽ പോലും ജനങ്ങൾ സുരക്ഷിതരല്ലാത്ത സാഹചര്യത്തിൽ ഫെഡറൽ ഭരണകൂടത്തിന്റെ നിസ്സംഗതയെ ശക്തമായ ഭാഷയിലാണ് മെത്രാന്മാർ അപലപിച്ചത്. നൂറ്റിയമ്പതോളം ക്രൈസ്തവരാണ് കഴിഞ്ഞ വർഷം നടന്ന ഫുലാനി സംഘട്ടനങ്ങളിൽ മരണമടഞ്ഞത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ ഇതിലും ഇരട്ടിയാണെന്നാണ് സൂചന. നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അടുത്തിടെ അപലപിച്ചിരിന്നു.

More Archives >>

Page 1 of 319