News - 2025

ഇറാഖി വൈദികന്റെയും ഡീക്കന്മാരുടെയും നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍ 15-05-2018 - Tuesday

മൊസൂള്‍: കഴിഞ്ഞ വര്‍ഷം ഇറാഖിലെ മൊസൂളില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഇറാഖി വൈദികന്‍റെയും ഡീക്കന്മാരുടെയും നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി നല്‍കി. കല്‍ദായ വൈദികന്‍ ഫാ. റാഘീദ് അസീസ്‌ ഗാന്നിയും അദ്ദേഹത്തിന്റെ ബന്ധുവും ഡീക്കനുമായ ബസ്മാന്‍ യൂസുഫ് ദാവുദ്, ഡീക്കന്‍മാരായ വാഹിദ് ഹന്നാ ഇഷോ, ഗസ്സാന്‍ ഇസാം ബിഡാവെഡ് എന്നിവരുടെ വീരോചിത പുണ്യങ്ങളെ കുറിച്ച് പരിശോധിക്കുവാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് അനുവാദം നല്‍കിയത്. നാമകരണ പ്രക്രിയകള്‍ ആരംഭിക്കുന്നതിന് വേണ്ട അനുവാദമായ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’ (No Objection) ആണ് വത്തിക്കാന്‍ നല്‍കിയിരിക്കുന്നതെന്ന്‍ പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഫിഡ്സ്'-ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാലു പേരും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരാണോ എന്ന കാര്യം പ്രത്യേക സംഘം പരിശോധിക്കും. 2007 ജൂണ്‍ 3-നാണ് ഫാ. റാഘീദ് അസീസ്‌ ഗാന്നിയും, ഡീക്കന്‍മാരായ ബസ്മാന്‍ യൂസുഫ് ദാവുദ്, വാഹിദ് ഹന്നാ ഇഷോ, ഗാസ്സന്‍ ഇസാം ബിഡാവെഡ് എന്നിവര്‍ മൊസൂളിലെ ഹോളി സ്പിരിറ്റ്‌ ദേവാലയത്തിന്റെ മുന്നില്‍ വെച്ച് വെടിയേറ്റ്‌ മരിക്കുന്നത്. പെന്തക്കുസ്ത തിരുനാളിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പുറത്തുവന്ന ഉടന്‍ തന്നെയാണ് ഫാ. ഗാന്നിക്ക് വെടിയേല്‍ക്കുന്നത്. തീവ്രവാദികളില്‍ നിന്നും ഫാ. ഗാന്നിക്ക് ഭീഷണിയുള്ള സാഹചര്യത്തില്‍ വൈദികന്റെ സുരക്ഷക്കായി അദ്ദേഹത്തോടൊപ്പം വന്നവരായിരുന്നു മറ്റ് മൂന്ന് ഡീക്കന്‍മാരും.

കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് തടയുവാന്‍ അക്രമികള്‍ നാലു പേരേയും വെടിവെച്ചു കൊന്നതിനു ശേഷം അവരുടെ കാറ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരിന്നു. ഇറാഖിലെ ക്രൈസ്തവ സമൂഹം ഈ നാലുപേരേയും വിശ്വാസത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച രക്തസാക്ഷികളായിട്ടാണ് പരിഗണിച്ചു വരുന്നത്. നിലവില്‍ മൊസൂള്‍ രൂപതയിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അമേരിക്കയിലെ ഡെട്രോയിറ്റിലുള്ള ‘സെന്റ്‌ തോമസ്‌ ദി അപ്പോസ്തല്‍’ എപ്പാര്‍ക്കിക്കായിരിക്കും നാമകരണ പരിശോധനാ നടപടികളുടെ ചുമതല.

More Archives >>

Page 1 of 319